'നമ്മള്‍ ഇവിടെയില്ല':ഭൂമിയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ലോകത്തെ ആദ്യ 100 നഗരങ്ങളുടെ പട്ടികയില്‍ ഒരൊറ്റ ഇന്ത്യന്‍ നഗരവുമില്ല
ഇക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട 'ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡക്‌സ് 2026' റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഭൂമിയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ലോകത്തെ ആദ്യ 100 നഗരങ്ങളുടെ പട്ടികയില്‍ ഒരൊറ്റ ഇന്ത്യന്‍ നഗരത്തിന് പോലും ഇടം നേടാനായില്ല.
ആകെ 173 ലോക നഗരങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സൂചികയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി 120-ാം സ്ഥാനത്തും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 121-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ചെന്നൈ, ബെംഗളൂരു തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ റാങ്കിങ്ങില്‍ കൂടുതല്‍ പിന്നോട്ട് പോയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതിവേഗം മുന്നേറുമ്പോഴും, നഗരങ്ങളിലെ വായു മലിനീകരണം, കടുത്ത ഗതാഗതക്കുരുക്ക്, അശാസ്ത്രീയമായ പാര്‍പ്പിട സൗകര്യങ്ങള്‍, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കുറവ് എന്നിവയാണ് ഇന്ത്യന്‍ നഗരങ്ങളുടെ വാസയോഗ്യതയെ ദോഷകരമായി ബാധിക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, സംസ്‌കാരവും പരിസ്ഥിതിയും എന്നീ അഞ്ച് പ്രധാന മേഖലകളിലെ 30ഓളം ഘടകങ്ങള്‍ വിലയിരുത്തിയാണ് ഋകഡ ഈ റാങ്കിങ് തയ്യാറാക്കിയത്.
ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആരോഗ്യസംരക്ഷണം, പരിസ്ഥിതി എന്നീ വിഭാഗങ്ങളില്‍ ഏറെ പിന്നിലാണ്. അതേസമയം, ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച വാസയോഗ്യമായ നഗരമെന്ന പദവി നിലനിര്‍ത്തി.
വിയന്ന , മെല്‍ബണ്‍, സൂറിച്ച് എന്നിവയാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇത്തവണ ചൈനീസ് നഗരങ്ങളും അമേരിക്കയിലെ ന്യൂയോര്‍ക്കും റാങ്കിങ്ങില്‍ വലിയ മുന്നേറ്റം നടത്തിയപ്പോള്‍, യുദ്ധവും ദാരിദ്ര്യവും മൂലം തകര്‍ന്ന സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.
ബംഗ്ലാദേശിലെ ധാക്കയും പാകിസ്ഥാനിലെ കറാച്ചിയും പട്ടികയില്‍ ഏറ്റവും അവസാനമുള്ള നഗരങ്ങളില്‍ ഉള്‍പ്പെടുന്നു.