നീലക്കുറിഞ്ഞി കാണാനിറങ്ങി; തേനീച്ചയാക്രമണത്തില്‍ പെട്ട് വിദ്യാര്‍ഥികള്‍ കാട്ടില്‍ കുടുങ്ങിയത് മൂന്നരമണിക്കൂര്‍
മൂന്നാര്‍ ചിന്നക്കനാല്‍ അറുപതേക്കറില്‍ നീലക്കുറിഞ്ഞി കാണാനെത്തിയ കേറ്ററിങ് കോളേജ് വിദ്യാര്‍ഥിസംഘം തേനീച്ചയുടെ ആക്രമണത്തില്‍പ്പെട്ട് കാട്ടില്‍ കുടുങ്ങി. സൂര്യനെല്ലി മൂന്നാര്‍ കേറ്ററിങ് കോളേജിലെ ഇരുപതംഗ സംഘം ഞായറാഴ്ച ( സെപ്റ്റംബര്‍27) രാവിലെയാണ് രണ്ട് ഗ്രൂപ്പുകളായി ഇവിടേക്ക് പുറപ്പെട്ടത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഏഴ് ആണ്‍കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘത്തെയാണ് ഉച്ചയോടെ പെരുന്തേനീച്ച ആക്രമിച്ചത്. തുടര്‍ന്ന് പരിഭ്രാന്തരായി പലവഴിയേ ഓടിയ ഇവര്‍ക്ക് കാട്ടില്‍ വെച്ച് വഴിതെറ്റുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഹാരിസണ്‍ ശശിയുടെ നേതൃത്വത്തില്‍ വനപാലകരും വാച്ചര്‍മാരും നാല് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലില്‍ മൂന്നരമണിക്കൂറിനൊടുവില്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. തേനീച്ചയുടെ കുത്തേറ്റ വിദ്യാര്‍ഥികളെല്ലാം സൂര്യനെല്ലിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. സജീവ്കുമാര്‍, ബി.എഫ്.ഒ വിഷ്ണു കെ. ചന്ദ്രന്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് അന്‍പുമണി, ആര്‍.ആര്‍.ടി വാച്ചര്‍ വിജയകുമാര്‍ എന്നിവര്‍ക്കും തേനീച്ചയുടെ കുത്തേറ്റു.