‘ഞങ്ങൾ ട്രംപിനെ കൊല്ലും, തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ വധഭീഷണി ബാനറുകളുമായി ജനലക്ഷങ്ങൾ
ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി.
ലക്ഷക്കണക്കിന് ആളുകൾ അണിനിരന്ന വിലാപയാത്രയിൽ ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ കൂറ്റൻ ചുവന്ന ബാനറുകളും പ്ലക്കാർഡുകളും ജനക്കൂട്ടം പരസ്യമായി ഉയർത്തിപ്പിടിച്ചു.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
‘രക്തസാക്ഷിയായ ഖമനയിയുടെ ചോരയ്ക്ക് പ്രതികാരം’ എന്ന ഹാഷ്‌ടാഗോടെയാണ് ഇറാൻ മാധ്യമങ്ങൾ ഈ വിലാപയാത്രയുടെ ദൃശ്യങ്ങൾ ആഗോളതലത്തിൽ പങ്കുവച്ചിരിക്കുന്നത്.
ഇറാൻ പതാകകളും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികളുമേന്തിയാണ് ജനക്കൂട്ടം വിലാപയാത്രയിൽ പങ്കെടുത്തത്. അതിൽ ചിലർ ട്രംപിന്റെ തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും ഉയർത്തിയിരുന്നു.
ചടങ്ങിൽ സംസാരിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. "നമ്മുടെ നേതാവിനെ കൊന്നവനെ നമ്മൾ എന്തുകൊണ്ട് കൊലപ്പെടുത്തുന്നില്ല? ലോകത്തിലെ ഏറ്റവും നികൃഷ്ടനായ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നമുക്ക് അപമാനമാണ്," എന്ന് റസൂലി പ്രസംഗിച്ചപ്പോൾ ജനക്കൂട്ടം വലിയ രീതിയിൽ അതിനെ പിന്തുണച്ചു.
ഖമനയിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റിട്ടുണ്ട്. എന്നാൽ കടുത്ത സുരക്ഷാ ഭീഷണികളും യുഎസ് ആക്രമണ സാധ്യതയും കണക്കിലെടുത്ത് അദ്ദേഹം പിതാവിന്റെ വിലാപയാത്ര ചടങ്ങുകളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.