ക്രൈസ്തവ ഐക്യവാരം: ലിയോ പാപ്പാ 25-ന് വിശുദ്ധ പൗലോസിന്റെ ബസലിക്കയിലെ സായാഹ്നപ്രാര്‍ത്ഥന നയിക്കും
ക്രൈസ്തവ ഐക്യവാരം: ലിയോ പതിനാലാമന്‍ പാപ്പാ ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസലിക്കയിലെ സായാഹ്നപ്രാര്‍ത്ഥന നയിക്കും. 2026 ജനുവരി 18 മുതല്‍ 25 വരെ തീയതികളിലായി ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെ ഭാഗമായി ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസലിക്കയില്‍ റോമാ രൂപതയുടെ അദ്ധ്യക്ഷന്‍ കൂടിയായ ലിയോ പതിനാലാമന്‍ പാപ്പാ സായാഹ്നപ്രാര്‍ത്ഥന നയിക്കും.
ക്രൈസ്തവസഭകള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും സഹകരണവും ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ആചരിക്കപ്പെടുന്ന ഈ ആഴ്ചയുടെ പ്രധാന വിവരങ്ങള്‍ റോം വികാരിയത്ത് ഒരു പത്രക്കുറിപ്പിലൂടെ പ്രസിദ്ധീകരിച്ചു.
വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുനാള്‍ ആഘോഷിക്കപ്പെടുന്ന ജനുവരി 25-ന് വൈകുന്നേരം അഞ്ചരയ്ക്കായിരിക്കും റോമന്‍ മതിലുകള്‍ക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസലിക്കയില്‍ ക്രൈസ്തവ ഐക്യവാരത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥന പരിശുദ്ധ പിതാവ് നയിക്കുക.
നിലവിലെ വിവരങ്ങള്‍ പ്രകാരം, ജനുവരി 19 തിങ്കളാഴ്ച, വൈകുന്നേരം, രണ്ടു ദേവാലയങ്ങളില്‍ ക്രൈസ്തവ ഐക്യവാരവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ നടക്കും. ജനുവരി 20 ചൊവ്വാഴ്ച റിപ്പബ്ലിക്ക ചത്വരത്തിനടുത്തുള്ള സാന്ത മരിയ ദെല്ലി ആഞ്ചെലി ഏ ദെയ് മാര്‍ത്തിരി എന്ന ദേവാലയത്തില്‍ ഒരു എക്യൂമെനിക്കല്‍ പ്രാര്‍ത്ഥനായോഗമുണ്ടാകും.
ജനുവരി 22-ന് സാന്ത ലൂച്ചിയ ഇടവക ദേവാലയത്തില്‍ വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന പ്രാര്‍ത്ഥനയില്‍ കര്‍ദ്ദിനാള്‍ ബാള്‍ദോ റെയ്ന മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ് ഖാജാഗ് ബര്‍സമിയാന്‍ സന്ദേശം നല്‍കും.
23-ആം തീയതി വെള്ളിയാഴ്ച മൂന്ന് ദേവാലയങ്ങളിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് വൈകുന്നേരം ഏഴിന് രണ്ട ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടക്കും . വൈകുന്നേരം 8 മണിക്ക് സാന്ത മരിയ ഇന്‍ ത്രസ്‌തേവരേ ദേവാലയത്തില്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ് ആന്റണി ബാള്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും.
ജനുവരി 24 ശനിയാഴ്ച വൈകുന്നേരം ഏഴിന് സാന്ത കത്തറീന ഇടവകയിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
'വിയ ലാത്ത'യിലുള്ള സാന്ത മരിയ ബസലിക്കയില്‍ എല്ലാ വൈകുന്നേരങ്ങളും പൗരസ്ത്യ കാതോലിക്കാ സഭകളിലെയും, ലത്തീന്‍സഭയിലെയും ആളുകളെ ഉള്‍പ്പെടുത്തി പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടക്കുമെന്നും വികാരിയാത്ത് അറിയിച്ചു.
ഈ വര്‍ഷത്തെ ക്രൈസ്തവക്യവാരത്തിന് വേണ്ടിയുള്ള വിചിന്തനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് അര്‍മേനിയയിലെ കത്തോലിക്കാ, എവഞ്ചേലിക്കല്‍ സഭകളുടെ കൂടി പങ്കാളിത്തത്തോടെ അവിടുത്തെ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളാണ്.