പശുവിന്റെ പ്രസവത്തിനിടെ നഷ്ടപ്പെട്ട വിവാഹമോതിരം 25 വര്‍ഷങ്ങള്‍ക്ക് ശേഷം തൊഴുത്തില്‍
പശുവിന്റെ പ്രസവത്തിനിടെ നഷ്ടപ്പെട്ട വിവാഹമോതിരം 25 വര്‍ഷങ്ങള്‍ക്ക് ശേഷം തൊഴുത്തില്‍ നിന്ന് തിരികെ കിട്ടി. കാസര്‍ഗോഡ് ഉദിനൂര്‍ തടിയന്‍കൊവ്വലിലെ കെ.വി. ജദീന്ദ്രന്റെ വിവാഹമോതിരമാണ് അത്ഭുതകരമായി തിരിച്ചുകിട്ടിയത്.
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതി പാടെ മറന്നുപോയ തന്റെ വിവാഹമോതിരം, നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കൈകളിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് തൃക്കരിപ്പൂര്‍ ഉദിനൂര്‍ തടിയന്‍കൊവ്വലിലെ ജദീന്ദ്രന്‍. വീട്ടുപറമ്പില്‍ തൊഴിലുറപ്പ് പ്രവൃത്തിക്കെത്തിയ തൊഴിലാളിയാണ് മോതിരം കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്.
കാല്‍നൂറ്റാണ്ട് മുന്‍പ് തന്റെ പശുവിന്റെ പ്രസവമെടുക്കുന്നതിനിടയിലാണ് ജദീന്ദ്രന്റെ വിവാഹമോതിരം കൈയില്‍ നിന്നും ഊരിപ്പോയത്. തൊട്ടടുത്ത ദിവസമാണ് മോതിരം നഷ്ടപ്പെട്ട വിവരം അദ്ദേഹം അറിയുന്നത്. തുടര്‍ന്ന് പശുത്തൊഴുത്തും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ഒടുവില്‍ പശുവിന്റെ പ്രസവാവശിഷ്ടങ്ങള്‍ കുഴിച്ചിട്ട കുഴി വരെ വെട്ടിത്തുറന്ന് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ മോതിരം പൂര്‍ണ്ണമായും നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ച് കുടുംബം ഇതിന്റെ ഓര്‍മകളും ഉപേക്ഷിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ജദീന്ദ്രന്റെ വീട്ടുപരിസരത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും തൊഴുത്തും പരിസരവും കേന്ദ്രീകരിച്ച് പ്രവൃത്തികള്‍ നടന്നിരുന്നു.
ഇന്ന് രാവിലെ പെയ്ത ശക്തമായ മഴയില്‍ നിന്ന് രക്ഷപ്പെടാനായി തൊഴുത്തില്‍ കയറി നിന്ന തൊഴിലാളിയായ പി. രമ്യയുടെ കണ്ണിലാണ് മണ്ണില്‍ പാതി പുതഞ്ഞ നിലയില്‍ മോതിരം ഉടക്കിയത്. എടുത്തു നോക്കിയപ്പോള്‍ സ്വര്‍ണ്ണമോതിരമാണെന്ന് സംശയിച്ച രമ്യ, ഇത് ജദീന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു.
മോതിരം വാങ്ങി പരിശോധിച്ച ജദീന്ദ്രന്‍ അതില്‍ തന്റെ പേര് കൊത്തിവെച്ചിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു.
കാല്‍നൂറ്റാണ്ടുകാലം കാണാമറയത്ത് കിടന്ന വിവാഹമോതിരം ഒരു കോട്ടവും തട്ടാതെ തിരികെ സ്വന്തം കരങ്ങളിലേക്ക് തന്നെ എത്തി. സത്യസന്ധതയോടെ മോതിരം തിരികെ നല്‍കിയ രമ്യയ്ക്ക് ജദീന്ദ്രനും കുടുംബവും നന്ദി അറിയിച്ചു.