സ്‌കൂളുകളില്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിച്ചാല്‍ പണി കിട്ടും, അധ്യാപകര്‍ക്ക് ഡ്രസ്സ് കോഡ് നടപ്പിലാക്കി ബിഹാര്‍ സര്‍ക്കാര്‍
പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും ജോലിസമയത്ത് ഔദ്യോഗിക വസ്ത്രധാരണം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതോടെ ജീവനക്കാര്‍ സ്‌കൂളുകളില്‍ ജീന്‍സും ടി-ഷര്‍ട്ടും ഉള്‍പ്പെടെയുള്ള ക്യാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിന് സമ്പൂര്‍ണ്ണ വിലക്ക് നിലവില്‍ വന്നു. സംസ്ഥാനത്തുടനീളം ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സി.കെ. അനില്‍ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണ്ണായക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക കത്തുകള്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ചു നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ സമയത്തും ക്യാമ്പസിനുള്ളിലും ജീന്‍സ്, ടി-ഷര്‍ട്ട് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ, സ്‌കൂള്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ ഡി.ജെ, ഡിസ്‌കോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം ആഘോഷങ്ങള്‍ സ്‌കൂളിന്റെ അന്തരീക്ഷത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് നടപടി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ഈ പുതിയ നിയന്ത്രണങ്ങള്‍ സ്‌കൂളുകളിലെ കലാ-സാംസ്‌കാരിക പഠനങ്ങള്‍ക്കുള്ള വിലക്കല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പരമ്പരാഗത രീതിയിലുള്ള സംഗീത പഠനത്തിനും വാദ്യോപകരണങ്ങളുടെ ഉപയോഗത്തിനും യാതൊരു തടസ്സവുമുണ്ടായിരിക്കില്ല. അക്കാദമിക് കലണ്ടര്‍ പ്രകാരമുള്ള ദിനാചരണങ്ങളും സാംസ്‌കാരിക പരിപാടികളും മുന്‍പത്തെപ്പോലെ തന്നെ നിയമാനുസൃതം സംഘടിപ്പിക്കാവുന്നതാണ്.