'ആത്മശക്തിയോട് നേരിടുമ്പോള്‍ ആയുധം നിഷ്പ്രഭമാണ്'- ഇന്നത്തെ ചിന്താവിഷയം

ഭീരുക്കളാണ് ആയുധത്തെ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ധൈര്യശാലിയുടെ ആയുധം അവന്റെ മനസ്സാണ്, ഉറച്ച മനസ്സ്.! ആയുധത്തെ ആശ്രയിക്കുമ്പോള്‍ അവിടെ സംഹാരം ഉണ്ടാകും. സകലതിനെയും നശിപ്പിക്കാന്‍ ആയുധങ്ങള്‍ക്ക് ശേഷിയുണ്ട്. ഭൂമിയുടെ ഏത് കോണില്‍ നിന്നും അതിമാരകമായ ആയുധങ്ങള്‍ വര്‍ഷിച്ച് ഉദ്ദേശിച്ച സ്ഥലമോ, സ്ഥാവരജംഗമങ്ങളോ ഒക്കെ തകര്‍ക്കാനും ചാമ്പലാക്കാനും കഴിയുമെന്ന് അറിയാമല്ലോ. ബഹിരാകാശത്ത് നിന്ന് പൊലും ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ മനുഷ്യന്‍ വളര്‍ന്നു. എന്നാല്‍ എത്ര മാരകമായ ആയുധവും തോല്‍ക്കുന്ന ഒരായുധം മനുഷ്യരിലുണ്ട്. അതാണ് മനഃശ്ശക്തി. അതാണ് ആത്മവിശ്വാസം. അപാരമായ മനഃശ്ശക്തിയുടെ മുന്നില്‍ ആയുധം സ്വമേധയാ കീഴടങ്ങിയിട്ടുള്ള എത്രയെത്ര സംഭവങ്ങളാണ് നമ്മളുടെ ഓര്‍മ്മകളിലേക്ക് എത്തി നോക്കുന്നത്. സ്ഥൈര്യവും ധൈര്യവും ഉള്ള
മനുഷ്യന്റെ മുന്നില്‍ ആയുധം നിഷ്പ്രഭമാകും. ചുറ്റുപാടുനിന്നും എത്രയധികം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാലും പ്രകോപനങ്ങള്‍ ഉണ്ടായാലും തന്റേതായ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ മനുഷ്യന് സ്ഥൈര്യം ലഭിക്കുന്നത് ആത്മബലത്തില്‍ നിന്നാണ്. ഒരായുധത്തിനും നശിപ്പിക്കാന്‍ കഴിയാത്ത ആത്മബലം ഉള്ള മനുഷ്യരുടെ ഇടപെടലിലൂടെ യുദ്ധങ്ങള്‍ വരെ മാറിപ്പോയിട്ടുണ്ട്. ക്രൂരരായ മൃഗങ്ങളും ധൈര്യശാലിയായ ഒരു മനുഷ്യന്റെ മുന്നില്‍ പതുങ്ങി വീഴുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ധൈര്യം ഒന്നുകൊണ്ട് മാത്രം വലിയ അനര്‍ത്ഥങ്ങളില്‍ നിന്നും മനുഷ്യര്‍ രക്ഷപ്പെട്ട യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ മുന്നിലുണ്ട്. ധൈര്യശാലിയായ ഒരു മനുഷ്യന്റെ ആയുധം അവന്റെ ഉറച്ച വാക്കാണ്. അചഞ്ചലമായ മനസ്സാണ് അവന്റെ വാക്കായി മാറുന്നത്. ആ വാക്കുകളുടെ മുന്നില്‍ ആയുധം കീഴടങ്ങാതിരിക്കുമോ.?