സമ്പത്തോ വിജയമോ അല്ല സന്തോഷത്തിന്റെ അടിസ്ഥാനം, ശുഭാപ്തി വിശ്വാസമുള്ളവര്‍ കൂടുതല്‍കാലം ജീവിക്കും
സന്തോഷത്തോടെയും സമാധാനത്തോടെയുമിരിക്കുന്നത് മാനസികാരോഗ്യത്തിനു മാത്രമല്ല ശാരീരികാരോഗ്യത്തിനും പ്രധാനമാണ്. ശുഭാപ്തിവിശ്വാസികളായിരിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഹാര്‍ഡ്വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. എംഐടി പ്രസ് റീഡര്‍ എല്ല ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിരാശരായ ആളുകളെ അപേക്ഷിച്ച് ശുഭാപ്തിവിശ്വാസമുള്ളവര്‍ 11-15 ശതമാനം വരെ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതണ്ടെന്ന് പഠനം പറയുന്നു. ഇക്കൂട്ടരില്‍ ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും മെറ്റബോളിസവും മെച്ചപ്പെട്ടിരിക്കുന്നതാണി് ഇതിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു.
ഏകദേശം 90 വര്‍ഷം നീണ്ട പഠനത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ സന്തോഷവും ആയുസ്സും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. സന്തോഷത്തിന്റെ ഏറ്റവും പ്രധാന ഘടകം പണമോ വിജയമോ അല്ല മറിച്ച് ഒരാളുടെ അടുത്ത ബന്ധങ്ങളുടെ ആഴമാണെന്ന് പഠനം പറയുന്നു. ശക്തമായ വൈകാരിക പിന്തുണയുള്ള ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
1938-ല്‍ ഹാര്‍വാര്‍ഡിലെ 268 ബിരുദ വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചുകൊണ്ടാണ് ഗവേഷകര്‍ പഠനം ആരംഭിച്ചത്. പിന്നാലെ കൂടുതല്‍പേരെ ഉള്‍ക്കൊള്ളിച്ച് വ്യാപിപ്പിച്ചു. തുടര്‍ന്നാണ് ഒരു വ്യക്തിയുടെ ദീര്‍ഘകാല സന്തോഷം എന്നത് വിജയങ്ങളെയോ, സമ്പത്ത് ഉണ്ടാക്കുന്നതിനെയോ ആശ്രയിച്ചല്ല, മറിച്ച് ശക്തമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നു കണ്ടെത്തിയത്.
ഇതുപ്രകാരം 50-ാം വയസ്സില്‍ തങ്ങളുടെ വ്യക്തിജീവിതത്തില്‍ ഏറ്റവും സംതൃപ്തരായിരുന്ന ആളുകള്‍ക്ക് 80-ാം വയസ്സില്‍ ആരോഗ്യവാനായിരിക്കാനുള്ള സാധ്യത കൂടുതലാണ്. സാമൂഹിക ബന്ധങ്ങളുടെ എണ്ണമല്ല, മറിച്ച് അവ എത്രത്തോളം ആഴത്തിലുള്ളതാണ് എന്നതാണ് പ്രധാനമെന്നും പഠനം പറയുന്നുണ്ട്.
ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ സമ്മര്‍ദത്തെ കുറച്ചുകൊണ്ടുവരാനാവും. കുടുംബത്തിനപ്പുറം സൗഹൃദങ്ങളിലും സമാധാനം കണ്ടെത്തുന്നവര്‍ കാര്യങ്ങള്‍ ഉള്ളിലടക്കി സമ്മര്‍ദം കൂട്ടുന്നവരാകില്ല.
സമ്മര്‍ദം കുറയുന്നത് ഉറക്കം മെച്ചപ്പെടാനും രക്തസമ്മര്‍ദത്തിന്റെ തോത് നിയന്ത്രണവിധേയമാക്കാനും ശരീരത്തില്‍ വീക്കമുണ്ടാവാതിരിക്കാനുമൊക്കെ കാരണമാകും. ഇത് പതിയെ ആരോഗ്യകരമായ ശരീരത്തിലേക്കും ആയുസ്സ് വര്‍ധിക്കാനും കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.