ഞങ്ങള്‍ നിങ്ങളെ തനിച്ചാക്കില്ല'': ഭൂകമ്പത്തിന് ഒരു മാസത്തിനു ശേഷം വെനസ്വേലയിലെ വൈദികര്‍
വെനസ്വേലയെ പിടിച്ചുകുലുക്കിയ വിനാശകരമായ ഭൂകമ്പം നടന്ന് ഒരു മാസം പിന്നിടുമ്പോഴും, ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്കൊപ്പം കത്തോലിക്കാ സഭയുടെ സാന്നിധ്യം തുടരുകയാണ്. പ്രാര്‍ഥനയിലൂടെയും സജീവമായ സാന്നിധ്യത്തിലൂടെയും വേദന നിഴലിക്കുന്ന ഇടങ്ങളിലേക്ക് പ്രത്യാശ പകരുകയാണ് വൈദികരും സന്ന്യസ്തരും.
രാജ്യത്തിന്റെ ഭൂരിഭാഗവും പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴും, ലാ ഗൈ്വറയുടെ തെരുവുകളില്‍ ആ മുറിവുകള്‍ കനത്തുതന്നെ നില്‍ക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന വൈദികരും സന്ന്യാസിനികളും പാസ്റ്ററല്‍ പ്രവര്‍ത്തകരും വീടുകള്‍ ആശീര്‍വദിക്കുകയും, ഈ മഹാദുരന്തത്തിലും ദൈവം അവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തിലൊരാളാണ് സണ്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ വൈദികനായ ഫാദര്‍ ഷൂലിയോ റൂയിസ്. സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പ്രാര്‍ഥനകള്‍ നടത്താനും, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും അദ്ദേഹം തെരുവുകളിലൂടെ സഞ്ചരിക്കുന്നു.
വെനസ്വേലന്‍ മാധ്യമപ്രവര്‍ത്തകനായ ജോഹാന്‍ സപാറ്റ പങ്കുവച്ച വീഡിയോകളില്‍, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിശ്വാസം എത്രത്തോളം കരുത്തേകുന്നു എന്ന് കാണാം.
ഭൂകമ്പത്തിന്റെ ഇരകളായവരെ കണ്ടെത്തുന്നതിനായി അവശിഷ്ടങ്ങള്‍ മാറ്റുന്ന ജോലിയിലേക്ക് തിരികെ പോകുന്നതിന് മുന്‍പ്, ''അച്ചാ, എന്റെ പണിയായുധങ്ങള്‍ ഒന്ന് ആശീര്‍വദിക്കണം'' എന്ന് ഒരാള്‍ അഭ്യര്‍ഥിക്കുന്നു.
തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി പല കുടുംബങ്ങളും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദന കഠിനമാണ്. എങ്കിലും ഏറ്റവും കൂടുതല്‍ സങ്കടപ്പെടുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട് സഭയുടെ സാന്നിധ്യം അവിടെയുമുണ്ട്. അതിലൊന്നാണ്, തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ നിന്ന് മകന്റെ മൃതദേഹം കണ്ടെത്തുന്ന ഒരമ്മയുടെ ദൃശ്യം.
''ഞാന്‍ ഇപ്പോള്‍ തീര്‍ത്തും തനിച്ചായി,'' എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് അവര്‍ ഫാ. റൂയിസിന്റെ അടുത്തേക്ക് ഓടിയെത്തുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശീര്‍വാദം ചോദിക്കുന്ന അവര്‍, കണ്ണീരോടെ മകനോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോള്‍ വിറയാര്‍ന്ന ശബ്ദത്തോടെ വൈദികന്‍ മറുപടി നല്‍കുന്നു, ''നിങ്ങള്‍ തനിച്ചല്ല, ദൈവം നിങ്ങളോടൊപ്പമുണ്ട്.''
ഭൂകമ്പം ഉണ്ടായ ആദ്യ ദിവസങ്ങള്‍ മുതല്‍ തന്നെ, ലാ ഗൈ്വറ, എല്‍ ജുന്‍ക്വിറ്റോ (El Junquito), ഫാല്‍ക്കണ്‍ (Falcón), കാരക്കാസ് (Caracas) എന്നിവിടങ്ങളിലെ ജനങ്ങളെ സഹായിക്കാനായി വെനസ്വേലയിലെ സഭ വൈദികരെയും സന്യസ്തരെയും വൈദികവിദ്യാര്‍ഥികളെയും വിശ്വാസികളെയും സംഘടിപ്പിച്ചു. ആത്മീയ പിന്തുണയ്ക്കപ്പുറം, പള്ളികളും സെമിനാരികളും സഭാസ്ഥാപനങ്ങളും കളക്ഷന്‍ സെന്ററുകളായും എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള താത്കാലിക അഭയകേന്ദ്രങ്ങളായും മാറി. വിശ്വാസികളുടെയും മറ്റ് കരുണയുള്ളവരുടെയും സഹായത്താല്‍, ഭക്ഷണവും വെള്ളവും മരുന്നുകളും അത്യാവശ്യ സാധനങ്ങളും അവര്‍ ഇപ്പോഴും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.
''ഒരു സഭ എന്ന നിലയില്‍ ഞങ്ങള്‍ സംഘടിതരായാണ് പ്രവര്‍ത്തിക്കുന്നത്; നിരവധി ആളുകളെ സഹായിക്കുന്നുമുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി ഏകോപിപ്പിച്ച് എല്ലാവരിലേക്കും എത്തിക്കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ അത് നല്‍കുന്നു'' സിസ്റ്റര്‍ ജിസെല ഒര്‍ട്ടേഗ വിശദീകരിക്കുന്നു. എന്നാല്‍, ഇത്രയും വലിയ ദുരന്തം അനുഭവിച്ചവര്‍ക്ക് ഭൗതിക സഹായം മാത്രം പോരെന്നും അവര്‍ എടുത്തുപറയുന്നു.
ദുഃഖത്തെ അഭിമുഖീകരിക്കാനും പ്രത്യാശ നിലനിര്‍ത്താനും പ്രാര്‍ഥന ഒരു പ്രധാന പിന്തുണയായി തുടരുന്നു. ''പ്രാര്‍ഥിക്കാന്‍ ഇവിടെയൊരു ഇടമുണ്ട്. പ്രാര്‍ഥിക്കാനും, നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും ഇവിടേക്ക് വരാം. അവന്‍ ഇവിടെയുണ്ട്. ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. ദൈവം നമ്മെ സ്‌നേഹിക്കുന്നു, ദൈവം സ്‌നേഹവുമാണ്,'' അവര്‍ പറയുന്നു.
ഭൂകമ്പം നടന്ന് ഒരു മാസം പിന്നിടുമ്പോഴും തകര്‍ന്നടിഞ്ഞ പ്രദേശങ്ങളിലും ദുരിതബാധിത സമൂഹങ്ങളിലും സഭയുടെ സാന്നിധ്യം മാറ്റമില്ലാതെ തുടരുന്നു.