നിങ്ങള് കാരണം ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് തല്ലിയത്, സ്വകാര്യഭാഗങ്ങളിലും മര്ദിച്ചു': ഡല്ഹി പൊലീസ് മര്ദനത്തില് പരിക്കേറ്റ എന്എസ്യു പ്രവര്ത്തകര്
ന്യൂഡല്ഹി: ഡല്ഹിയില് സമരം ചെയ്ത എന്എസ്യു പ്രവര്ത്തകരെ മര്ദിച്ച പൊലീസിന് മുന്നറിയിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. പൊലീസിനെ ഭയക്കുന്നില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
പരിക്കേറ്റ പ്രവര്ത്തകരോടൊപ്പം ഡല്ഹിയില് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ചഞ്ചല്യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മര്ദനത്തിന് നേതൃത്വം നല്കിയതെന്നും പൊലീസ് യൂണിഫോമിലല്ലാത്തവരും മര്ദിച്ചെന്നും പ്രവര്ത്തകര് പറഞ്ഞു.
'യൂണിഫോം ധരിച്ചെത്തിയവരും അല്ലാത്തവരുമായിട്ടുള്ളവരാണ് ബസില് വെച്ച് ഞങ്ങളെ മര്ദിച്ചത്. നിങ്ങള് കുറച്ചുപേര് കാരണം ഞങ്ങള്ക്ക് മര്യാദയ്ക്ക് ഉറങ്ങാന് പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമര്ദനം. ഇനിയും പ്രതിഷേധിക്കും. മര്ദിച്ചൊതുക്കാമെന്ന് കരുതിയിട്ട് കാര്യമില്ല'. മര്ദനത്തില് പരിക്കേറ്റ ആതിര മാധ്യമങ്ങളോട് പ്രതികരിച്ചു.
മനുഷ്യനാണെന്ന് പോലും പരിഗണിച്ചില്ല. സഞ്ചരിക്കുന്ന ജയിലുകളില് നിരവധി പൊലീസുകാര് ക്രൂരമായി മര്ദിച്ചു. പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരെയും തല്ലിച്ചതച്ചു. മുസ്ലിം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവര് കൂട്ടിച്ചേര്ത്തു.
പൊലീസ് ബസില് വെച്ച് തന്നെ ക്രൂരമായി മര്ദിച്ചെന്നും സ്വകാര്യ ഭാഗങ്ങളിലടക്കം മര്ദിച്ചെന്നും എന്എസ് യു പ്രവര്ത്തക ഋതുബാലയും പ്രതികരിച്ചു. സിവില് വേഷത്തിലുള്ളവരും മര്ദിക്കുകയുണ്ടായി. ചഞ്ചല്യാദവ് എന്ന പൊലീസുകാരിയാണ് മര്ദനത്തിന് നേതൃത്വം നല്കിയത്. ഇതുകൊണ്ട് ഞങ്ങളെ തളര്ത്താമെന്ന് അവര് കരുതിയത്. ഞങ്ങളിനിയും സമരം തുടരും. അവര് കൂട്ടിച്ചേര്ത്തു.
പൊലീസ് മര്ദനത്തിന്റെ തെളിവുകള് സൂക്ഷിച്ചുവെക്കണമെന്നും തനിക്ക് അയച്ചുതരണമെന്നും വിദ്യാര്ഥികളോട് രാഹുല് ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ മര്ദിക്കുന്ന പൊലീസുകാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില് ഡല്ഹി പൊലീസിനെതിരെ എംപിമാരായ കെ.സുധാകരന്, ഷാഫി പറമ്പില് എന്നിവരും രംഗത്തെത്തിയിരുന്നു. ഡല്ഹി പൊലീസ് മനുഷ്യന്മാരാണോയെന്ന് സംശയമുണ്ടെന്നും പൊലീസ് അതിക്രമത്തില് നിയമനടപടി സ്വീകരിക്കുമെന്നും കെ.സുധാകരന് പറഞ്ഞു.
കെ.സുധാകരന് എംപി ആശുപത്രിയിലെത്തി പെണ്കുട്ടിയെ സന്ദര്ശിക്കുകയും ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്കുകയും ചെയ്തിരുന്നു. സിസിടിവി ഇല്ലാത്ത ബേസ്മെന്റില് വെച്ചാണ് ഡല്ഹി പൊലീസ് പെണ്കുട്ടിയെ മര്ദിച്ചതെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും ഷാഫി പറമ്പില് എംപിയും പറഞ്ഞു.