കന്യാസ്ത്രീകളുടെ ജാമ്യത്തെ സ്വാഗതം ചെയ്യുന്നു.ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ-മതേതര അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: സിബിസിഐ

കൊച്ചി:ഛത്തീസ്ഗഡില്‍ കള്ളകേസില്‍ കുടുക്കി ബി ജെ പി ഗവണ്മെന്റ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടിയത് സ്വാഗതാര്‍ഹമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സിബിസിഐ ഭാരവാഹികള്‍ പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ മതേതര അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും സിബിസിഐക്ക് വേണ്ടി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ പ്രതികരിച്ചു.
''മതപരിവര്‍ത്തന നിരോധന നിയമം ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതി വേണം. സര്‍ക്കാരുകള്‍ മാറി വന്നിട്ടും സമാധാനമുണ്ടായില്ല.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ധരിപ്പിക്കും. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും'' അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.