ദൈവീക സൃഷ്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് നാം ധ്യാനിക്കണം: പാപ്പാ

 
LEO PAPA

സൃഷ്ടിയുടെ പരിചരണത്തിനായുള്ള ലോക പ്രാര്‍ത്ഥനാ ദിനത്തില്‍, സ്രഷ്ടാവിന്റെ മഹത്വം തിരിച്ചറിയുന്നതിനു, സൃഷ്ടിയുടെ സൗന്ദര്യത്തെയും ശക്തിയെയും കുറിച്ച് ധ്യാനിക്കുവാനുള്ള ജ്ഞാനത്തിന്റെ പുസ്തകത്തിലെ  ക്ഷണം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്, ലിയോ പതിനാലാമന്‍ പാപ്പാ, സെപ്റ്റംബര്‍ മാസം ഒന്നാം തീയതി, കസ്തല്‍ ഗന്ധോള്‍ഫോയിലെ ലൗദാത്തോ സി ഗ്രാമത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചന സന്ദേശം ആരംഭിച്ചത്. 


എന്നാല്‍ സൃഷ്ടിയെക്കുറിച്ചുള്ള അത്ഭുതകരമായ വിസ്മയം, സ്രഷ്ടാവിലേക്ക് നമ്മെ എത്തിക്കുന്നില്ലെങ്കില്‍ അത് ഉപരിപ്ലവമായ ചിന്തകളായി ചുരുങ്ങുമെന്ന മുന്നറിയിപ്പും പാപ്പാ നല്‍കി.

ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും അവന്റെ കരവിരുതായ ആകാശത്തെക്കുറിച്ചും ചിന്തിക്കുവാന്‍ ഏവരുടെയും ദൃഷ്ടികള്‍ ഉയര്‍ത്തണമെന്നും, അപ്രകാരം, നമ്മുടെ ദൃഷ്ടിയും ഹൃദയവും തുറന്നിരിക്കുകയാണെങ്കില്‍, സൃഷ്ടി മുഴുവനും സ്രഷ്ടാവിന്റെ മഹത്വത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. 

സൃഷ്ടിജാലങ്ങളുടെ സൗന്ദര്യം, നമ്മോടുള്ള ദൈവത്തിന്റെ സ്‌നേഹം എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നുവെന്നും, ഇതാണ് മനുഷ്യരുടെ മേല്‍ അവന്‍ ചെലുത്തുന്ന ശ്രദ്ധയെക്കുറിച്ചുള്ള ഉറപ്പു നല്കുന്നതുമെന്നു പാപ്പാ പറഞ്ഞു.

തുടര്‍ന്ന്,  പ്രാര്‍ത്ഥനയ്ക്കും 'പൊതു ഭവനത്തെ' പരിപാലിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും വേണ്ടി നീക്കിവച്ചിരിക്കുന്ന അഞ്ചു ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന, 'സൃഷ്ടിയുടെ കാല'ത്തെ അടിവരയിട്ടുകൊണ്ട്, ഈ ദിവസത്തിലും വരും ദിവസങ്ങളിലും, ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഉന്മാദത്തില്‍ നിന്ന് വിട്ടുമാറി നാം ഭാഗമാകുന്ന മഹത്തായ ഐക്യം ആസ്വദിക്കാന്‍ സമയം കണ്ടെത്തണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. 

സകലത്തിന്റെയും രചയിതാവായ ദൈവം നമ്മോട് സംസാരിക്കുന്ന, സൃഷ്ടിയുടെ ശ്രുതിമധുരമായ ശബ്ദം കേള്‍ക്കാന്‍, മനുഷ്യ സൃഷ്ടികളായ കാര്യങ്ങളെ നമുക്ക് നിശബ്ദമാക്കാമെന്നും പാപ്പാ പറഞ്ഞു. നമുക്ക് ചുറ്റുമുള്ള ലോകവുമായുള്ള ബന്ധത്തില്‍, യേശുക്രിസ്തുവുമായുള്ള  നമ്മുടെ കണ്ടുമുട്ടല്‍, ആധികാരിക പാരിസ്ഥിതിക പരിവര്‍ത്തനത്തിലേക്കുള്ള ആദ്യപടിയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഇപ്രകാരം, സൃഷ്ടിയെക്കുറിച്ചുള്ള ധ്യാനത്തില്‍ നിന്നും സ്രഷ്ടാവുമായുള്ള കണ്ടുമുട്ടലില്‍ നിന്നും, ഈ അത്ഭുതകരമായ സൃഷ്ടലോകത്തില്‍ നമ്മുടെ സ്ഥാനം കണ്ടെത്തുവാന്‍ സാധിക്കുമെന്നും, യഥാര്‍ത്ഥ ഐക്യത്തിന്റെ ചൈതന്യത്തില്‍, നമ്മുടെ വ്യക്തിപരവും കൂട്ടായതുമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താമെന്നും പാപ്പാ പറഞ്ഞു. 

നമ്മുടെ പോരായ്മകളെയും തെറ്റുകളെയും കുറിച്ചുള്ള അവബോധത്തില്‍ നിന്ന്, സ്രഷ്ടാവിന്റെ ഹിതപ്രകാരം നമ്മുടെ ജീവിതങ്ങളെ പരുവപ്പെടുത്തുവാനും, ഈ കണ്ടുമുട്ടലും ധ്യാനവും നമ്മെ സഹായിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

നാശത്തിനായി ഉപയോഗിച്ചതിനെ ജീവിതത്തിലേക്കും ദരിദ്രരുടെ പരിചരണത്തിലേക്കും വിശക്കുന്നവരുടെ പോഷണത്തിനും സൃഷ്ടിയുടെ സംരക്ഷണത്തിനുമായി പരിവര്‍ത്തനപ്പെടുത്തുവാന്‍,'സൃഷ്ടിയുടെ കാലം' സഹായകരമാകട്ടെയെന്നു പാപ്പാ ആശംസിച്ചു.

തന്റെ വചന സന്ദേശത്തിന്റെ അവസാനം, പാപ്പാ, ഫ്രാന്‍സിസ് അസീസിയുടെ, സൃഷ്ടിയുടെ സ്‌തോത്രഗീതം ആലപിക്കുകയും ചെയ്തു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സൃഷ്ടിയെ പരിപാലിക്കുക എന്ന ദൗത്യവുമായി അഭേദ്യബന്ധം  പുലര്‍ത്തുന്ന സാര്‍വത്രിക സാഹോദര്യം പ്രോത്സാഹിപ്പിക്കുവാനും, ആ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web