'നമ്മളോര്‍ക്കണം നമ്മളെങ്ങനെ നമ്മളായെന്ന്'; തിരിച്ചടി തിരുത്തുമെന്ന് എം.എ. ബേബി, കുറ്റക്കാരല്ലെന്ന് തോമസ് ഐസക്
കോഴിക്കോട്ട് ചേര്‍ന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ തിരിച്ചടികള്‍ തുറന്നുപറഞ്ഞ് നേതൃത്വം.
തെറ്റുകള്‍ സംഭവിക്കാം, എന്നാല്‍ അത് തിരിച്ചറിഞ്ഞ് ജനപക്ഷത്തുനിന്ന് തിരുത്തുകയാണ് വേണ്ടതെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കടമ്മനിട്ടയുടെ ''നമ്മളോര്‍ക്കണം നമ്മളെങ്ങനെ നമ്മളായെന്ന്'' വരികള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജനിര്‍മ്മിതിയായ വിമോചനസമരം ഇനിയും തുടരുകയാണെന്നും, സമീപകാല പരാജയങ്ങളിലെ വ്യാജനിര്‍മ്മിതികള്‍ തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്നും എം.എ. ബേബി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കല്ല വീഴ്ച പറ്റിയതെന്നും, നല്ല ഭരണം ഉണ്ടായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നുമാണ് മുതിര്‍ന്ന നേതാവ് തോമസ് ഐസക് പ്രതികരിച്ചത്.
കഴിഞ്ഞ മൂന്നു മാസമായി അടിത്തട്ട് വരെ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് വിശാല സംസ്ഥാന സമിതി ചേരുന്നത്.
വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ആക്ഷന്‍ പ്ലാനാണ് ലക്ഷ്യമെന്നും, 2029-ല്‍ എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ, ഭരണ, സംഘടനാ ദൗര്‍ബല്യങ്ങള്‍ തിട്ടപ്പെടുത്തി കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാനാണ് ഈ യോഗം.