ആശുപത്രികളെ തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറണം. വന്യമൃഗശല്യത്തിനും തീരശോഷണത്തിനും ശാശ്വത പരിഹാരം വേണം: കെസിബിസി

 
Kcbc
കേരളകത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാലസമ്മേളനം ജൂൺ രണ്ട്, മൂന്ന്, നാല് തിയ്യതികളിലായി കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം, പി.ഒ.സിയിൽ നടന്നു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനനിരക്കിനെക്കാൾ കൂടിയ വേതനം നൽകുന്ന കത്തോലിക്കാ ആശുപത്രികളിൽ, ശമ്പള വർധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവർത്തനങ്ങൾ ദുർബ്ബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിന് നേതൃത്വം നൽകുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധത്തിൽ വർധിക്കാനും ആശുപത്രിയുടെ പ്രവർത്തനം തന്നെ നിലയ്ക്കാനും കാരണമാകും. സർക്കാരിന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തിൽ, 2026 മാർച്ചിൽ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്റെ കരട് രേഖയിൽ ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചുള്ള  അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും കെസിബിസി സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ നാളുകളിൽ കണ്ടതുപോലെ, ചില ആശുപത്രികൾ കേന്ദ്രീകരിച്ച് മിന്നൽ പണിമുടക്കുകൾ ഉണ്ടാവുകയും നൂറുകണക്കിന് രോഗികൾ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യം വീണ്ടും ഉടലെടുക്കാതിരിക്കാൻ ആവശ്യമായ കർശന നടപടികളും സർക്കാർ സ്വീകരിക്കണം. പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങൾ വന - മലയോര മേഖലകളിൽ ജീവിക്കുന്ന സാധാരണ ക്കാർക്ക് ആശ്വാസം പകരുന്നവയാണ്. വന്യമൃഗ ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ജനങ്ങളുടെ പക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാനും നിലപാടുകൾ സ്വീകരി ക്കാനും വനം വകുപ്പ് തയ്യാറാകണം. മനുഷ്യജീവനും സ്വത്തിനും പ്രാഥമിക പരിഗണന നൽകിക്കൊണ്ട് വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഉചിതമായ പരിഷ്‌കരണങ്ങൾ വരുത്തണം.  ഓരോ വർഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മൽസ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകണം. തീരശോഷണവും കടലാ ക്രമണവും വർധിക്കുന്നതിന് അനുസരിച്ച് ഇത്തരം പതിനായിരക്കണക്കിന് കുടുംബങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സർക്കാർ അടിയന്തരമായി കൈക്കൊള്ളണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web