നാം ദൈവിക സമാധാനത്തിന്റെ ആയുധമില്ലാത്ത ഉപകരണങ്ങളായി തീരണം: അസ്സീസിയിലെ അന്താരാഷ്ട്ര സമാധാന സമ്മേളന സന്ദേശത്തില്‍ പാപ്പ

 
leo papa

ദൈവനാമത്തില്‍ ഒരിക്കലും യുദ്ധം നടത്താന്‍ കഴിയില്ലെന്നും വിശുദ്ധമായ യുദ്ധങ്ങള്‍ എന്നൊന്നില്ലെന്നും, സമാധാനം മാത്രമാണ് വിശുദ്ധമെന്നും ലെയോ പതിനാലാമന്‍ പാപ്പ. സാന്‍ എജീഡിയോ കമ്മ്യൂണിറ്റി സംഘടിപ്പിച്ച അസ്സീസിയിലെ അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ ഉമ്ബ്രിയന്‍ കുന്നിന്‍പ്രദേശത്ത് കഴിഞ്ഞ ദിവസം സമാപിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തിന്റെ പ്രമേയം 'ആയുധമില്ലാത്തതും സമാധാനം പ്രദാനം ചെയ്യുന്നതുമായ സമാധാനം' എന്നതായിരുന്നു. 1986 ഒക്ടോബര്‍ 27-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തുടക്കം കുറിച്ച ലോക സമാധാന പ്രാര്‍ഥനാ ദിനത്തിന്റെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ചന് ഈ സമ്മേളനം നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. ആ ചരിത്രപ്രസിദ്ധമായ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം, 'അസ്സീസിയുടെ ചൈതന്യത്തെ ജീവസ്സുറ്റതായി നിലനിര്‍ത്താന്‍' തന്റെ മുന്‍ഗാമി ആഹ്വാനം ചെയ്തിരുന്നതായി ലെയോ മാര്‍പാപ്പ പറഞ്ഞു.

''അധികാര സംസ്‌കാരം കൊടികുത്തിവാഴുന്ന ഈ കാലഘട്ടത്തില്‍ അസ്സീസിയുടെ ചൈതന്യത്തെ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ലെയോ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. യുദ്ധങ്ങളെ മതപരമായി ന്യായീകരിക്കുന്നത് തള്ളിക്കളയുക, മധ്യസ്ഥതയുടെയും സംവാദത്തിന്റെയും മനോഭാവം പുലര്‍ത്തുക, സമാധാനപൂര്‍ണ്ണമായ ഒരു ഭാവിക്ക് വേണ്ടി സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളോടൊപ്പം ആത്മീയ ചിന്തകള്‍ സമന്വയിപ്പിക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമാധാനം വീണ്ടും എല്ലാ ജനങ്ങളുടെയും പൊതുവായ ലക്ഷ്യവും, നമ്മുടെ എല്ലാ തീരുമാനങ്ങളുടെയും വഴിനടത്തുന്ന നക്ഷത്രവും, അനീതികളെ തുറന്നുകാട്ടുന്ന മാനദണ്ഡവും ആയി മാറണം'' പാപ്പ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.

'കൂടുതല്‍ യുദ്ധങ്ങള്‍ക്ക് തയ്യാറെടുക്കുകയല്ല, മറിച്ച് എല്ലായിടത്തും സമാധാനം പുനര്‍നിര്‍മ്മിക്കുകയാണ് വേണ്ടത്' എന്ന് വ്യക്തമാക്കിയ പാപ്പ, യുദ്ധങ്ങളെ ന്യായീകരിക്കാന്‍ ദൈവനാമം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ആവര്‍ത്തിച്ചു.
 

Tags

Share this story

From Around the Web