മറിയത്തില്‍ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായിട്ടാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനതിരുനാളിന്റെ മഹത്വം ഏവരും ആഘോഷിക്കുന്നതെന്നും മറിയത്തില്‍ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നതെന്നും ലെയോ പാപ്പ.
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ തലേന്ന്, റോമിന് പുറത്തുള്ള ജെനസാനോ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന, അഗസ്റ്റീനിയന്‍ സന്യാസികള്‍ ശുശ്രൂഷ ചെയ്യുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
തിന്മയില്‍ നിന്ന് വിമോചിപ്പിക്കപ്പെട്ട ഒരു പുതിയ ലോകത്തിന്റെ പ്രഭാതമാണ് മറിയമെന്നും, അതിനാല്‍ ദൈവവചനം സ്വീകരിക്കാനും അത് ഉള്ളില്‍ കാത്തുസൂക്ഷിക്കാനും ധീരമായ തീരുമാനങ്ങളിലൂടെ അതിന് ജന്മം നല്‍കാനും മറിയത്തിന്റെ 'നല്ല ഉപദേശം'നമുക്കും തേടാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ വചന സന്ദേശം ആരംഭിച്ചത്.
മറിയത്തിന്റെ ആ നിശബ്ദ സാന്നിധ്യം ചരിത്രത്തെ മാറ്റിമറിച്ചു. മറിയത്തിന്റെ മഹിമ മുഴുവന്‍ അവളുടെ ഉള്ളിലായിരുന്നുവെന്നും, 'അവളില്‍ നിന്ന് യേശു ജനിച്ചു' എന്ന ഒരൊറ്റ വാചകത്തില്‍ അവളില്‍ ചരിത്രം മുഴുവന്‍ അടങ്ങിയിരിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
തന്റെ സ്രഷ്ടാവിന്റെ അമ്മയാകാന്‍ വിളിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജനനമാണ് നാം ആഘോഷിക്കുന്നതെന്നും, നാം അവളെ 'രാജ്ഞി' എന്നും 'നാഥ' എന്നും വിളിക്കുന്നുവെങ്കിലും, ദൈവത്തിന്റെ വഴി എന്നും ലളിതവും നിശബ്ദവുമാണെന്ന് പാപ്പ പറഞ്ഞു.
ലോകത്തിന്റെ അഹങ്കാരത്തിനല്ല, മറിച്ച് ശുശ്രൂഷയ്ക്കും കരുണയ്ക്കും മുന്‍ഗണന നല്‍കുന്ന ദൈവരാജ്യത്തിന്റെ മനോഭാവമാണ് മറിയം കാണിച്ചുതരുന്നതെന്നും നാശത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ കാലഘട്ടത്തില്‍ ദൈവത്തിന്റെ പ്രവര്‍ത്തനം കാണാന്‍, പരിശുദ്ധ അമ്മ നമ്മെ സഹായിക്കുന്നുവെന്നും പാപ്പ പറഞ്ഞു.