ക്രിസ്തുവിനെപ്പോലെ ഏവർക്കും വേണ്ടി വക്താക്കളാകുവാനുള്ള വിളിയാണ് നാം സ്വീകരിച്ചിരിക്കുന്നത്: പാപ്പാ
"ദൈവത്തോടും ദൈവത്തിന്റെയും മുമ്പാകെ നമുക്ക് ഒരു വക്താവുണ്ട്: നീതിമാനായ യേശുക്രിസ്തു", രക്ഷയുടെ രഹസ്യം ഗ്രഹിക്കുവാൻ വിശുദ്ധ യോഹന്നാൻ അപ്പസ്തോലൻ ഉപയോഗിക്കുന്ന മേൽപ്പറഞ്ഞ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ വചന സന്ദേശം ആരംഭിച്ചത്.
മനുഷ്യന്റെ ബലഹീനതയെയും, പാപത്തിന്റെ ഭാരത്തെയും, സ്വയം ചുമന്നുകൊണ്ട്, അതിനെ രൂപാന്തരപ്പെടുത്തിക്കൊണ്ട്, നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവനാണ് ദൈവപുത്രനായ യേശുക്രിസ്തുവെന്നു എടുത്തു പറഞ്ഞ പാപ്പാ, നമ്മുടെ സ്വന്തം കഴിവ് കൊണ്ട് ഒരിക്കലും ജീവിതത്തിന്റെയും സന്തോഷത്തിന്റെയും പൂർണ്ണത നേടുക സാധ്യമല്ലെന്നും ഓർമ്മിപ്പിച്ചു.
തുടർന്ന് കൂട്ടായ്‍മയെക്കുറിച്ചുള്ള ചിന്തകൾ പാപ്പാ പങ്കുവച്ചു. നീതിമാനായ യേശുക്രിസ്തു മനുഷ്യരാശിക്കുവേണ്ടി പിതാവുമായി മാധ്യസ്ഥം വഹിക്കുന്നുവെന്നും, അപ്രകാരം ദൈവത്തോടും പരസ്പരവുമുള്ള അനുരഞ്ജനം സാധ്യമാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
എന്നാൽ കർത്താവ് വരുന്നത് കുറ്റപ്പെടുത്തുന്ന ഒരു ന്യായവിധി നടത്താനല്ല, മറിച്ച് നമ്മെ ശുദ്ധീകരിക്കുകയും, സുഖപ്പെടുത്തുകയും, പരിവർത്തനം ചെയ്യുകയും, ദൈവത്തിന്റെ ഏകകുടുംബത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന അവിടുത്തെ കരുണയിലേക്ക് നമ്മെ അടുപ്പിക്കുവാൻ ആണെന്നും പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.
അടിച്ചമർത്തലിൽ നിന്നും അടിമത്തത്തിൽ നിന്നും മോചിപ്പിച്ചുകൊണ്ട്, ഏവരെയും ദൈവത്തിന്റെ മക്കളെയും സഹോദരീസഹോദരന്മാരാക്കാനും വേണ്ടിയാണ് യേശു വന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഈ കൂട്ടായ്മയാണ് സഭയുടെ ശ്രേഷ്ഠതയുടെ അടയാളമെന്നും, ഈ കൂട്ടായ്മാമനോഭാവം മൊണാക്കോയിലെ സഭയുടെ പ്രത്യേകതയാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
പല ദേശീയതകളിലുള്ളവർ വൈവിധ്യമാർന്ന രീതിയിൽ അധിവസിക്കുന്ന ഒരു കൊച്ചു നാടാണ് മൊണാക്കോയെന്നും, എന്നാൽ ഈ വ്യത്യാസങ്ങൾ ഒരിക്കലും സാമൂഹിക വർഗങ്ങളായി വിഭജിക്കാനുള്ള അവസരമായി മാറുന്നില്ല, മറിച്ച്, എല്ലാവരെയും ദൈവത്തിന്റെ ജനവും, മക്കളായും സ്വാഗതം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
കൂട്ടായ്മ, സാഹോദര്യം, പരസ്പര സ്നേഹം എന്നീ മൂല്യങ്ങളാണ് ഈ ഐക്യത്തിന് അടിസ്ഥാനമെന്നതും പാപ്പാ കൂട്ടിച്ചേർത്തു.
തുടർന്ന്, സുവിശേഷം പ്രസംഗിക്കുന്നതിനും, അപരനെ സംരക്ഷിക്കേണ്ടുന്നതിനുമുള്ള ക്രൈസ്തവരുടെ കടമയെ പാപ്പാ ഓർമ്മിപ്പിച്ചു. പിതാവിന്റെ സ്നേഹത്തിന്റെ സുവിശേഷത്തെ എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ആഗ്രഹിച്ച യേശു, എല്ലാറ്റിനുമുപരിയായി ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടവരായി കണക്കാക്കപ്പെടുന്നവരെയും വിസ്മരിക്കപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുന്നതിനായി ഒരു വക്താവ് എന്ന നിലയിൽ തന്നെത്തന്നെ സമർപ്പിച്ചുവെന്നും പാപ്പാ പറഞ്ഞു.
അതിനാൽ ക്രിസ്തുവിന്റെ ഈ മാതൃകയിൽ ഏവർക്കും വേണ്ടി വക്താവായി, ഏവരെയും സംരക്ഷിക്കുന്ന, ഒരു വിളിയാണ് സഭ സ്വീകരിച്ചിരിക്കുന്നതെന്നു പാപ്പാ പറഞ്ഞു. സുവിശേഷം പ്രസംഗിക്കുന്നതിലൂടെ, ക്രിസ്തുവിന്റെ വെളിച്ചത്താൽ, മാനവരാശിക്ക് തങ്ങളുടെ സ്വത്വം തിരിച്ചറിയുവാൻ സാധിക്കുമെന്നതും പാപ്പാ ചൂണ്ടിക്കാട്ടി.
അതിനാൽ, ജീവന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സുവിശേഷം പ്രഘോഷിക്കുവാനും, ഗർഭധാരണം മുതൽ സ്വാഭാവിക അന്ത്യം വരെയുള്ള മനുഷ്യന്റെ ജീവനു സംരക്ഷണം നൽകുവാനും, പ്രോത്സാഹിപ്പിക്കുവാനും സുവിശേഷത്തിന്റെ വെളിച്ചം എല്ലാവരിലേക്കും എത്തിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ഇതിനായി നവമായ മാർഗങ്ങളും, സാങ്കേതിക വിദ്യകളും ഉപയോഗിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.