എല്ലാ സൃഷ്ടജാലങ്ങളോടും സുവിശേഷമറിയിക്കാനുള്ള വിളിയും നിയോഗവുമാണ് നമുക്കുള്ളത്: ഫാ. പസൊളീനി
ലോകം മുഴുവനും, എല്ലാ സൃഷ്ടജാലങ്ങളോടും സുവിശേഷമറിയിക്കാനുള്ള ഉത്തരവാദിത്വം റോമന്‍ കൂരിയയെ ഓര്‍മ്മിപ്പിച്ച് പൊന്തിഫിക്കല്‍ ഭവനത്തിന്റെ ധ്യാനപ്രസംഗകന്‍ ഫാ. റൊബേര്‍ത്തോ പസൊളീനി.
മാര്‍ച്ച് 20 വെള്ളിയാഴ്ച രാവിലെ, ലിയോ പതിനാലാമന്‍ പാപ്പായുടെ കൂടി സാന്നിദ്ധ്യത്തില്‍ ഈ നോമ്പുകാലത്തിന്റെ ഭാഗമായി നടന്ന മൂന്നാമത് പ്രഭാഷണത്തിലാണ് വിശുദ്ധ ഫ്രാന്‍സിസിന്റെ അദ്ധ്യാത്മികചിന്തകള്‍ കൂടി കണക്കിലെടുത്ത് കപ്പൂച്ചിന്‍ വൈദികനായ അദ്ദേഹം ഇത്തരമൊരു ആഹ്വാനം നടത്തിയത്.
യേശുവുമായുള്ള കണ്ടുമുട്ടലിന്റെയും, മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞ ഫാ. പസൊളീനി, ക്രിസ്തുവുമായുള്ള സ്‌നേഹബന്ധത്തിന്റെ ജീവിതമാണ് നമുക്ക് ആധികാരികത നല്‍കുകയെന്ന് ഓര്‍മ്മിപ്പിച്ചു.
അത്തരമൊരു ബന്ധമുണ്ടെങ്കില്‍ മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കാനും, അവരുമായി സംവാദത്തിലേര്‍പ്പെടാനും, അവരിലെ നന്മകള്‍ സ്വീകരിക്കാനും നമുക്ക് സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ ഫ്രാന്‍സിസ് തന്റെ ജീവിതത്തിലും, സമൂഹത്തിലും നടപ്പിലാക്കിയ എളിമയുടെ ജീവിതശൈലി ഫാ. പസൊളീനി തന്റെ പ്രഭാഷണത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. സുവിശേഷപ്രഘോഷണം ഫലപ്രദമാകുവാന്‍ എളിമയുടെ സമൂര്‍ത്തമായ ശൈലി സഹായകരമാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തങ്ങളുടെ ജീവിതത്തില്‍ രൂഢമൂലമായ സത്യങ്ങളെക്കുറിച്ചല്ലാതെ നമുക്ക് ആധികാരികമായി സംസാരിക്കുക എളുപ്പമായിരിക്കില്ലെന്ന്, സുവിശേഷം ജീവിതത്തില്‍ ആഴപ്പെടേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫാ. പസൊളീനി പറഞ്ഞു.
പ്രാര്‍ത്ഥനയില്‍ വളരേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച ധ്യാനപ്രഭാഷകന്‍, മറ്റുള്ളവരുടെ അംഗീകാരവും മതിപ്പും നേടാനായി ദൈവത്തിന്റെ വസ്തുക്കള്‍ ഉപയോഗിക്കാനുള്ള പ്രലോഭനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.
ക്രിസ്തുവിന്റെ സാന്നിധ്യം നമ്മില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണെന്ന് പറഞ്ഞ ഫാ. പസൊളീനി, നാം മറ്റുള്ളവരോട് ഇടപെടുന്നതിലും ഇതേ സാന്നിദ്ധ്യമാകണം അനുഭവവേദ്യമാകേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു.
മറ്റുള്ളവരിലെ ദൈവസാന്നിദ്ധ്യം തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞ അദ്ദേഹം, ഹൃദയത്തില്‍നിന്ന് വരുന്ന വാക്കുകള്‍ക്കേ മറ്റുള്ളവരുമായി യഥാര്‍ത്ഥ സംവാദത്തിലേര്‍പ്പെടാന്‍, പ്രത്യേകിച്ച് സുവിശേഷം അറിയിക്കാന്‍ നമ്മെ സഹായിക്കാനാകൂ എന്നും, അമൂര്‍ത്തവും വ്യക്തിത്വമില്ലാത്തതുമായ വാക്കുകള്‍ ആരെയും സ്പര്‍ശിക്കുന്നില്ലെന്നും പ്രസ്താവിച്ചു.
തന്നെത്തന്നെ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാനല്ല ദൈവം പരിശ്രമിച്ചതെന്ന് ഓര്‍മ്മിപ്പിച്ച ധ്യാനപ്രഭാഷകന്‍, തന്റെ മഹത്വം തനിക്കായിത്തന്നെ കാത്തുസൂക്ഷിക്കാതെ, അത് മറ്റുള്ളവര്‍ക്ക് സ്വീകരിക്കാനാകുന്ന വിധത്തില്‍ തന്നെത്തന്നെ സംലഭ്യമാക്കുകയായിരുന്നുവെന്ന് പറഞ്ഞു.
നമ്മളും, മറ്റുള്ളവര്‍ക്ക് നല്‍കുക എന്നതിനൊപ്പം, അവരില്‍നിന്ന് സ്വീകരിക്കാന്‍ കൂടി തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.