ത്രിത്വൈക ദൈവത്തിൽ നാം നമ്മുടെ ഭവനം കണ്ടെത്തുന്നു: ലെയോ പതിനാലാമൻ പാപ്പ

 
Leo papa

അസ്വസ്ഥതകൾ നിറഞ്ഞ നമ്മുടെ ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും നൽകുന്നത് ത്രിത്വൈക ദൈവത്തിന്റെ ജീവനാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. അതേസമയം, യേശുവിലൂടെ നമുക്ക് ലഭിച്ച ദൈവീകജീവനിലേക്ക് തിരിഞ്ഞുനോക്കാനുള്ള അവസരമാണ് ഈ തിരുനാളെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.

“നമ്മെ അവിടുത്തെ സ്നേഹത്തിലേക്ക് ആകർഷിക്കുന്ന ഊർജസ്വലവും അക്ഷയവുമായ വിശ്വാസകൂട്ടായ്മയാണ് ഈ ജീവൻ. പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തെയും ഒന്നിപ്പിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ തിരുസഭ സ്വർഗവും ഭൂമിയും പരസ്പരം തൊട്ടറിയുന്ന, സ്നേഹത്തിന്റെയും ജീവിതത്തിന്റെയും കൂടിക്കാഴ്ചയുടെയും ഒരു തിരുക്കർമ്മമായി മാറുന്നു” – പാപ്പ പറഞ്ഞു.

“പരിശുദ്ധ ത്രിത്വത്തിലൂടെ എല്ലാ സൃഷ്ടികളും പരസ്പരബന്ധത്തിനും കൂട്ടായ്മയ്ക്കുമായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് നാം മനസ്സിലാക്കുന്നു. ഇതാണ് എല്ലാവരെയും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നത്. എന്നാൽ ഇതിന് വിപരീതമായി, സമൂഹത്തിലെ ധ്രുവീകരണവും വൈവിധ്യങ്ങളോടുള്ള വിദ്വേഷവും ഭിന്നതകളും ലോകത്തിൽ സങ്കടവും നാശവും ശൂന്യതയും മാത്രമേ വരുത്തിവയ്ക്കൂ”  – പാപ്പ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web