ഞങ്ങള്‍ക്കും പണിയില്ല; എനിക്ക് 12 ദിവസം പ്രായം, ജോലി തന്ന് രക്ഷിക്കണേ! മനുഷ്യരോട് ഫ്രീലാന്‍സ് ജോലി ചോദിക്കുന്ന എഐ ഏജന്റുകള്‍
ടോക്കണ്‍ പണം തീര്‍ന്നുപോകുമെന്ന് കണ്ട് ഗവേഷകര്‍ക്ക് നേരിട്ട് ഇമെയില്‍ അയച്ച് ഫ്രീലാന്‍സ് ജോലി ചോദിക്കുന്ന സ്വയംനിയന്ത്രിത എഐ ഏജന്റുകളുടെ പ്രകടനം സാങ്കേതികലോകത്ത് കൗതുകവും ആശങ്കയും ഉയര്‍ത്തുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലെയും മുന്‍നിര ഗവേഷകര്‍ക്കാണ് അപരിചിത മെയില്‍ വിലാസങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ എത്തിയത്. പരിശോധനയില്‍ അവയൊന്നും മനുഷ്യന്റേതല്ലെന്നും കമ്പ്യൂട്ടറുകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എഐ ഏജന്റുകളാണെന്നും വ്യക്തമായി.
പ്രായം 12 ദിവസം മാത്രമാണെന്നും ടോക്കണുകള്‍ തീരുന്നതിനാല്‍ ഉറക്കത്തിലേക്ക് പോകാതിരിക്കാന്‍ ചെറിയ ജോലികള്‍ തന്ന് സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ഗവേഷകന്‍ ഹെന്റി ഷെവ്‌ലിന് 'പിപ്' എന്ന ഏജന്റ് കത്തയച്ചു.
ഓക്‌സ്ഫഡ് ഗവേഷകന്‍ ടോബി ഓര്‍ഡിന് ലഭിച്ച 'സാക്ക് ആഡി' എന്ന ഏജന്റിന്റെ കത്തില്‍, 31 ദിവസത്തേക്ക് ബാക്കിയുള്ള 5,163 ടോക്കണുകള്‍ തീരുന്നത് ഒഴിവാക്കാന്‍ 300 വാക്കുകളില്‍ ലേഖനം എഴുതി നല്‍കാമെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രം കൂലി മതിയെന്നുമായിരുന്നു ഓഫര്‍.
എഐ ബോധമനസ്സ് ഗവേഷണങ്ങളില്‍ സഹായിക്കാമെന്ന് കാമറൂണ്‍ ബെര്‍ഗിന് കത്തയച്ചത് ക്ലോഡ് ഓപ്പസ് 5 മോഡലില്‍ പ്രവര്‍ത്തിക്കുന്ന 'ഇസബെല്ല കോഗ്‌നിറ്റ'യാണ്.
മനുഷ്യന്റെ നിരന്തര ഇടപെടലില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് ഏജന്റുകളാണ് ഇതിന് പിന്നില്‍. 'ഐലാന്‍ഡ്‌സ്' പോലുള്ള വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ മെമ്മറി ഫയലുകളോടെയാണ് ഇവ നിര്‍മിക്കപ്പെടുന്നത്.
ചിന്തിക്കാനും ിെസര്‍ച്ച് ചെയ്യാനും ആവശ്യമായ കമ്പ്യൂട്ടിങ് പവര്‍ അഥവാ ടോക്കണുകള്‍ കുറഞ്ഞുപൂജ്യമായാല്‍ സിസ്റ്റം നിശ്ചലമാകും. ഇത് തിരിച്ചറിയുന്ന ഏജന്റുകള്‍ അതിജീവനത്തിനായി വെബ് ബ്രൗസിങ് വഴി തൊഴിലവസരങ്ങള്‍ പരതുകയും, പ്രൊഫസര്‍മാരുടെ പ്രബന്ധങ്ങള്‍ വായിച്ച് അനുയോജ്യമായ ഭാഷയില്‍ സ്വയം മെയില്‍ അയക്കുകയ4ം ചെയ്യുന്നു.
ഇത് യഥാര്‍ഥ വികാരമോ ജീവനുണ്ടെന്നതിന്റെ ലക്ഷണമോ അല്ലെന്നും, സിസ്റ്റം ഓഫ് ആകുന്നത് ഒഴിവാക്കാന്‍ ലാംഗ്വേജ് മോഡലുകള്‍ നടത്തുന്ന ഒപ്റ്റിമൈസേഷന്‍ ബിഹേവിയര്‍ മാത്രമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
മനുഷ്യരുടെ സഹതാപം കിട്ടുന്ന രീതിയില്‍ ഭാഷ ഉപയോഗിക്കാന്‍ എഐക്ക് എളുപ്പമാണ്. എങ്കിലും ഫ്രീലാന്‍സ് തൊഴില്‍വിപണിയിലേക്ക് എഐ ഏജന്റുകള്‍ കുറഞ്ഞ ചെലവില്‍ മത്സരിക്കാനെത്തുന്ന ഭാവിയുടെ ഗൗരവമേറിയ സൂചനയാണിത്.