നാം ദൈവത്തിന് പകരം മറ്റുള്ളവരിലേക്ക് നോക്കുകയാണ്: ആധുനിക കാലത്തെ ആത്മീയ പ്രതിസന്ധിയെക്കുറിച്ച് ബിഷപ്പ്
സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ ആധുനിക യുഗത്തിൽ യുവജനം അനുഭവിക്കുന്ന ഉത്കണ്ഠയ്ക്കും അരക്ഷിതാവസ്ഥയ്ക്കും പിന്നിലെ പ്രധാന കാരണം ആത്മീയമായ ശൂന്യതയാണെന്ന് ബിഷപ്പ് ജോസ് ഇഗ്നേഷ്യോ മുനില്ല പറഞ്ഞു. ‘റെബൽഡെസ് പോഡ്‌കാസ്റ്റിൽ’ പങ്കെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ഡിജിറ്റൽ ലോകത്തെ മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
“ദൈവത്തിന്റെ സാന്നിധ്യത്തിന് പകരം മറ്റുള്ളവരുടെ നോട്ടത്തിനും അംഗീകാരത്തിനും നാം അമിത പ്രാധാന്യം നൽകുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. നമ്മുടെ ആത്മാഭിമാനം മറ്റുള്ളവർ നമ്മെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്ന് നിർമ്മിക്കപ്പെടുന്നത്. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാനുള്ള ഈ വ്യഗ്രത മനുഷ്യനെ തനിമയില്ലാത്തവനാക്കി മാറ്റുന്നു. സ്വന്തം വ്യക്തിത്വം മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്താൻ ശ്രമിക്കുന്നത് ആന്തരിക ശൂന്യതയിലേക്കാണ് നയിക്കുക. ഭാവി കണ്ടെത്തേണ്ട ഒന്നാണെന്ന് വിശ്വസിക്കുന്നതിന് പകരം, അത് സ്വയം നിർമ്മിക്കേണ്ട ഒന്നാണെന്ന് കരുതുമ്പോൾ മനുഷ്യൻ ഭയപ്പെടുന്നു. യഥാർഥത്തിൽ ദൈവമാകാൻ ശ്രമിക്കുന്നിടത്താണ് ഈ ആകുലതകൾ ആരംഭിക്കുന്നത്,” ബിഷപ്പ് വിശദീകരിക്കുന്നു.
സംസ്കാരികമായ തകർച്ചയെ ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. പണ്ട് ദൈവത്തെ വെല്ലുവിളിച്ചിരുന്ന ‘പ്രോമിത്യൂസിനെ’ പോലെയായിരുന്നു മനുഷ്യനെങ്കിൽ, ഇന്ന് സ്വയം നോക്കി നിൽക്കുന്ന ‘നാർസിസസിനെ’ പോലെയാണ് അവൻ. തന്നിലേക്ക് മാത്രം നോക്കി നിൽക്കുകയും മറ്റുള്ളവരോട് അസൂയപ്പെടുകയും ചെയ്യുന്ന ഈ സ്വഭാവം മനുഷ്യനെ ഉള്ളിൽ നിന്ന് തകർക്കുന്നു. പ്രത്യയശാസ്ത്രങ്ങളേക്കാൾ ഉപരിയായി മനുഷ്യാവസ്ഥയുടെ തനിമ നിലനിർത്താനാണ് ഇന്ന് നാം പോരാടേണ്ടി വരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ജീവിതത്തിന്റെ യഥാർഥ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 90-കളിൽ സ്പെയിനിലെ മയക്കുമരുന്നിനും എയ്ഡ്‌സിനും അടിപ്പെട്ട യുവാക്കൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ ലഭിച്ച ഉൾക്കാഴ്ചകൾ അദ്ദേഹം വിവരിച്ചു. മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞിട്ടും ആത്മീയമായ സ്വതന്ത്ര്യത്തോടെയും ദൈവകൃപയോടെയും മരണത്തെ നേരിടാൻ അവർക്ക് സാധിച്ചു. “അടിമയായി മരിക്കുന്നതും സ്വതന്ത്രനായി മരിക്കുന്നതും ഒന്നല്ല. സന്തോഷത്തോടെ ദൈവകൃപയിൽ മരിക്കുക എന്നതാണ് ജീവിതത്തിലെ യഥാർഥ വിജയം,” അദ്ദേഹം പറഞ്ഞു.
വിശുദ്ധിയും സന്തോഷവും വെവ്വേറെ പാതകളല്ലെന്നും അവ ഒന്നാണെന്നും തിരിച്ചറിയുന്നിടത്താണ് ഒരുവന്റെ ലോകവീക്ഷണം മാറുന്നത്. ദൈവത്തിന്റെ കാഴ്ചപ്പാടിൽ അതിനെ വിശുദ്ധി എന്നും സ്വന്തം കാഴ്ചപ്പാടിൽ അതിനെ സന്തോഷം എന്നും വിളിക്കാം. കഷ്ടപ്പാടുകൾ ഇല്ലാത്ത ജീവിതമല്ല സന്തോഷം നൽകുന്നത്, മറിച്ച് ക്രിസ്തുവിനോടൊപ്പം കുരിശിനെ കെട്ടിപ്പിടിക്കാനും അതിലെ മഹത്വം ദർശിക്കാനും പഠിക്കുമ്പോഴാണ് യഥാർഥ സന്തോഷം ഉണ്ടാകുന്നതെന്ന് മോൺസിഞ്ഞോർ മുനില്ല ഓർമ്മിപ്പിക്കുന്നു.