“നമ്മുടെ ജീവിതം മുഴുവൻ ദൈവജനത്തെ സേവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു” പെസഹാ വ്യാഴാഴ്ച 12 വൈദികരുടെ പാദങ്ങൾ കഴുകിക്കൊണ്ട് പാപ്പ

 
Papa

നമ്മുടെ ജീവിതം മുഴുവൻ ദൈവജനത്തെ സേവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ജോൺ ലാറ്ററൻ പേപ്പൽ ബസിലിക്കയിൽ 12 വൈദികരുടെ പാദങ്ങൾ കഴുകിക്കൊണ്ട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. 

വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള പെസഹാ വ്യാഴാഴ്ച ചടങ്ങുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.

മുൻ വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പ തടവുകാരെയും അഭയാർത്ഥികളെയുമാണ് പാദക്ഷാളനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കിൽ, ഇത്തവണ റോം രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന 12 വൈദികരെയാണ് മാർപാപ്പ ഇതിനായി തിരഞ്ഞെടുത്തത്.


ശുശ്രൂഷയ്ക്കിടെ നൽകിയ ലഘുപ്രഭാഷണത്തിൽ, അധികാരം എന്നത് സേവനത്തിനുള്ളതാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.

 “യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിലൂടെ പഠിപ്പിച്ചത് പരസ്പരം സേവിക്കാനാണ്. സഭയിലെ ഓരോ അംഗവും, പ്രത്യേകിച്ച് ശുശ്രൂഷകർ, താഴ്മയോടെ മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ബാധ്യസ്ഥരാണ്.

 വൈദികർ തങ്ങളുടെ വിളിയോട് വിശ്വസ്തത പുലർത്തുകയും ജനങ്ങളുടെ ഇടയന്മാരായി നിലകൊള്ളുകയും ചെയ്യണം.” പാപ്പ ഓർമ്മിപ്പിച്ചു.

വൈകുന്നേരം 5.30-ന് ആരംഭിച്ച വിശുദ്ധ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികളും സന്യസ്തരും പങ്കെടുത്തു. 

പാദക്ഷാളനത്തിന് ശേഷം വിശുദ്ധ കുർബാന പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്തേക്ക് (Altar of Repose) എഴുന്നള്ളിച്ചു വെച്ചു.

 ദുഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവ സ്മരണകൾക്ക് മുന്നോടിയായുള്ള ഈ ചടങ്ങിൽ അതീവ ഭക്തിനിർഭരമായ അന്തരീക്ഷമാണ് ബസിലിക്കയിൽ അനുഭവപ്പെട്ടത്.

വിശുദ്ധ വാരത്തിലെ വരും ദിവസങ്ങളിൽ കൊളോസിയത്തിലെ കുരിശിന്റെ വഴി ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾക്ക് മാർപാപ്പ നേതൃത്വം നൽകും.

Tags

Share this story

From Around the Web