നാമേവരും സ്വര്‍ഗ്ഗീയ മാതൃരാജ്യത്തേക്കുള്ള യാത്രയിലെ തീര്‍ത്ഥാടകരാണ്: ലിയോ പതിന്നാലാമന്‍ പാപ്പ

 
leo papa


ഓരോ മനുഷ്യനോടും ദൈവത്തിന്റെ കരുണാമയവും, അനന്തവുമായ സ്‌നേഹത്തെ പ്രതിനിധീകരിക്കുന്ന തിരുനാളാണ് തിരുഹൃദയ തിരുനാളെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. 


ദൈവ സ്‌നേഹത്തിനു അതിരുകളും, വേര്‍തിരിവുകളും ഇല്ല എന്നതും, സ്വയം സമര്‍പ്പിച്ചു കൊണ്ട്, നമ്മെ ഐക്യത്തിലേക്ക് നയിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് യേശുവിന്റെ തിരുഹൃദയം എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. 

കുടിയേറ്റക്കാര്‍ എന്ന നിലയില്‍ സഹോദരങ്ങള്‍ പങ്കുവച്ച അനുഭവ സാക്ഷ്യങ്ങളെയും പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു. 

സ്‌നേഹത്തിന്റെ സാര്‍വത്രികത വിശദീകരിക്കുന്നതിന്, കാനറി ദ്വീപില്‍  നിന്നും മറ്റു ഇടങ്ങളിലേക്ക് സുവിശേഷം പ്രഘോഷിക്കുവാന്‍ യാത്രയായ ആളുകളെയും പാപ്പാ പേരെടുത്തു പറഞ്ഞു.

അമേരിക്കയുടെ അജ്ഞാതമായ ഇടങ്ങളില്‍, അവര്‍ നല്‍കിയ സേവനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. 

അതുപോലെ ഈ കാനറി ദ്വീപിലും, കുടിയേറ്റക്കാര്‍ എന്ന നിലയില്‍ കൊണ്ടുവന്ന മാനവികതയുടെയും സ്വപ്നങ്ങളുടെയും സംസ്‌കാരത്തിന്റെയും നിധി സമര്‍പ്പിക്കണമെന്നും, ഇവിടെ നിന്നും ലഭിക്കുന്നവയെ സ്വീകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ഈ കൈമാറ്റം ഉത്തരവാദിത്തത്തോടെ ജീവിക്കണമെന്നും, തലമുറയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും, സ്‌നേഹത്തിന്റെ ഒരു നാഗരികതയുടെ പൈതൃകം അവര്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കണമെന്നും പറഞ്ഞ പാപ്പാ, ഈ സാഹചര്യങ്ങളില്‍ ആളുകളുടെ കുടിയേറ്റം ജനങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലിനും, പരസ്പര സമ്പുഷ്ടീകരണത്തിനുമുള്ള അവസരമായി മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

ഈ ലോകത്ത് മനുഷ്യകുലം ഒന്നടങ്കം ഒരു തരത്തില്‍ കുടിയേറ്റക്കാരാണെന്നു ഓര്‍മ്മിപ്പിച്ച പാപ്പാ, നാമെല്ലാവരും നമ്മുടെ സ്വര്‍ഗ്ഗീയ മാതൃരാജ്യത്തേക്കുള്ള യാത്രയിലെ തീര്‍ത്ഥാടകരാണെന്നു അടിവരയിട്ടു പറഞ്ഞു. 

ഈ യാത്ര എല്ലാവര്‍ക്കും കൂടുതല്‍ മാനുഷികമാകുവാനും, വാഗ്ദാനം പൂര്‍ത്തീകരണത്തിനായും പരസ്പരം സഹായിക്കണമെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.

 ഈ അര്‍ത്ഥത്തില്‍, നിരവധി ആളുകള്‍ക്ക് പ്രതീക്ഷയും അന്തസ്സും വീണ്ടെടുക്കുവാന്‍ സഹായിക്കുന്ന സര്‍ക്കാരിന്റെയും വിവിധ സ്ഥാപനങ്ങളുടെയും സന്മനസ്സുള്ള ആളുകളുടെയും സഹകരണത്തിന് പാപ്പാ പ്രത്യേകം  നന്ദിയര്‍പ്പിച്ചു.

കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള കേന്ദ്രത്തിന്റെ പേര്, 'വേരുകള്‍' എന്നത് ചൂണ്ടിക്കാണിച്ച പാപ്പാ, അത് തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും പറഞ്ഞു.

 ഒരാളുടെ ഉത്ഭവം മറക്കാതിരിക്കേണ്ടതിന്റെയും, ഐക്യത്തോടെ തുടരേണ്ടതിന്റെയും, കര്‍ത്താവില്‍ ആശ്രയിക്കേണ്ടതിന്റെയും ആവശ്യകത സൂചിപ്പിക്കാന്‍ വേരുകളുടെ പ്രതിച്ഛായ ഉപയോഗിക്കാന്‍ എപ്പോഴും ഫ്രാന്‍സിസ് പാപ്പാ ആഗ്രഹിച്ചിരുന്നുവെന്ന വസ്തുതയും പാപ്പാ അടിവരയിട്ടു. 'കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. 

അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല.' എന്ന ജെറെമിയ പ്രവാചകന്റെ പുസ്തകത്തിലെ വചനവും പാപ്പാ എടുത്തു പറഞ്ഞു. 


 ഒരു കൊടുങ്കാറ്റിനും അപ്രകാരം ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവനെ അകറ്റുവാന്‍ സാധിക്കില്ലെന്നും, അത് ഏവരെയും ശക്തിപ്പെടുത്തുകയും, ജീവന്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

 ഏവര്‍ക്കും തന്റെ പ്രാര്‍ത്ഥനകള്‍ ഉറപ്പു നല്‍കുകയും, പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ഭരമേല്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
 

Tags

Share this story

From Around the Web