വയനാട് വണ്ടിക്കടവിലെ ആശങ്കയൊഴിയുന്നു? ആളെക്കൊല്ലി കടുവ കൂട്ടിലായി
വയനാട് :വണ്ടിക്കടവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് ദിവസങ്ങളായി ഭീതി പരത്തിയ WWL 48 എന്ന കടുവയാണ് കൂട്ടില്‍ അകപ്പെട്ടിരിക്കുന്നത്. (man eater tiger in wayanad vandikadavu captured)
14 വയസാണ് ഈ കടുവയുടെ പ്രായം. പ്രായാധിക്യമുള്ളതിനാല്‍ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ത്വക്കിലെ പാറ്റേണുകളും ശരീരത്തിലെ മുറിവുകളും അടിസ്ഥാനപ്പെടുത്തിയാണ് നരഭോജി കടുവ തന്നെയാണ് കൂട്ടിലായിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. കടുവയ്ക്ക് മതിയായ ചികിത്സകള്‍ ഉറപ്പുവരുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2016ലെ സെന്‍സസിലാണ് ഈ കടുവയെ ആദ്യമായി കണ്ടെത്തുന്നത്. വയനാട് വൈല്‍ഡ് ലൈഫ് 48-ാം നമ്പര്‍ കടുവയാണ്. ബന്ദിപ്പൂര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന് ബത്തേരി റേഞ്ചിലാണ് കടുവയെ കണ്ടുവന്നിരുന്നത്.
2018ല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന കടുവയെ പിന്നീട് കുറേയേറെ വര്‍ഷങ്ങള്‍ കാണാതിരിക്കുകയും 2025ല്‍ വീണ്ടും കടുവയെ കാണുകയുമായിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്നതുമായി ബന്ധപ്പെട്ട് ഈ മാസം വനംവകുപ്പ് കടുവയെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് കടുവ ദേവര്‍ ഗദ്ദയിലെ മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.