വയനാട് പുനരധിവാസം: പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍. ചതിച്ചത് സംസ്ഥാന സര്‍ക്കാരെന്നും യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ്. പിരിച്ചുകിട്ടയതില്‍ നിന്ന് ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പണപ്പിരിവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്നും വിവാദം അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചതാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. തന്നെസാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നെന്നും രാഹുല്‍ ആരോപിച്ചു.
'2 കോടി 40 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അതില്‍ നിന്നും ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കാം. സുതാര്യമായാണ് സാമ്പത്തിക സമാഹരണം നടന്നത്,' യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുനരധിവാസത്തിനായി ഭൂമി വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. സര്‍ക്കാരിന് ഔദ്യോഗികമായി നല്‍കിയ കത്ത് പുറത്തുവിടുമെന്നും രാഹുല്‍ വ്യക്തമാക്കി. സര്‍ക്കാരിനെ വിശ്വസിച്ചതാണ് യൂത്ത് കോണ്‍ഗ്രസിന് പറ്റിയ തെറ്റ്.
സംസ്ഥാന ഗവണ്‍മെന്റിന് 780 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വീട് പോലും സര്‍ക്കാര്‍ ഇതുവരെയും നിര്‍മ്മിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസിനെതിരെ പരാതി നല്‍കിയ ആള്‍ കെ. എസ്. അരുണ്‍കുമാറിന്റെ സഹപ്രവര്‍ത്തകയായ അഭിഭാഷകയാണെന്നും രാഹുല്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരാള്‍ പോലും വിമര്‍ശനം ഉന്നയിച്ചില്ലെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. 30 വീടുകള്‍ കെട്ടാമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നേരിട്ടല്ല മറിച്ച് ചലഞ്ചുകള്‍ നടത്തി സമാഹരിക്കാനായിരുന്നു സംഘടനയുടെ തീരുമാനം.
പ്രവര്‍ത്തകര്‍ മീന്‍ വില്‍ക്കാനും, പായസം വില്‍ക്കാനുമെല്ലാം പോയാണ് പണം സമാഹരിച്ചതെന്നും സര്‍ക്കാരാണ് യൂത്ത് കോണ്‍ഗ്രസിനെ ചതിച്ചതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.