ഡാമുകളിൽ വെള്ളം കുറയുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ ഇനിയും വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി
കോട്ടയം: സംസ്ഥാനത്ത് കടുത്ത ചൂടും തുടരുന്നതിനിടെ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതും വൈദ്യുതി ഉപയോഗം വൻതോതിൽ ഉയർന്നതുമാണ് പ്രതിസന്ധിക്ക് കാരണം.
വരുന്ന ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് കെഎസ്ഇബി നൽകുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ അരമണിക്കൂർ എങ്കിലും വൈദ്യുതി മുടങ്ങുന്നുണ്ട്. ഇത് പ്രതിഷേധങ്ങൾക്കും വഴി വച്ചിരുന്നു.
നിലവിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ 64 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 80 ശതമാനമായിരുന്നു. മഴ കുറഞ്ഞതിനൊപ്പം പ്രതീഷിച്ച രീതിയിൽ നീരൊഴുക്ക് ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു.
എന്നാൽ, പ്രതിദിന വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയർന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. ചൂട് വർധിച്ചതോടെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ ഇനിയും വർധനവുണ്ടാകാൻ സാധ്യതയുണ്ട് എന്ന് കെഎസ്ഇബി കണക്കാക്കുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് താൽക്കാലികമായി കടമെടുക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് നിലവിൽ കെഎസ്ഇബി വൻ ക്ഷാമം ഒഴിവാക്കി മുന്നോട്ടുപോകുന്നത്.
വെള്ളിയാഴ്ച മാത്രം 2.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇത്തരത്തിൽ കടമായി വാങ്ങിയിട്ടുണ്ട്. മുൻപ് വേനൽക്കാലത്ത് വാങ്ങിയ കടം വീട്ടാൻ പ്രതിദിനം 3 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി തിരികെ നൽകേണ്ടതുണ്ട്.
ഈ മാസത്തോടെ മാത്രമേ ഈ കടം തീരുകയുള്ളൂ. ജലവൈദ്യുതിയുടെ കുറവ് മൂലം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ഈ കടം വീട്ടുന്നത്.
വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ റിയൽ ടൈം മാർക്കറ്റിലും വലിയ വില നൽകേണ്ടി വരുന്നുണ്ട്. വൈകീട്ട് 4:30 മുതൽ രാവിലെ 9:30 വരെയുള്ള സമയങ്ങളിൽ യൂണിറ്റിന് 10 രൂപ നിരക്കിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്.
വരുംദിവസങ്ങളിലും ഈ പ്രതിസന്ധി തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.