യുദ്ധം വീഡിയോ ഗെയിമല്ല, വാര്‍ത്തകള്‍ സത്യസന്ധമാകണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി ലിയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യുദ്ധവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവ കേവലം വീഡിയോ ഗെയിം പോലെയാക്കി മാറ്റരുതെന്നും, ഇരകളുടെ ദുരിതവും യുദ്ധത്തിന്റെ യഥാര്‍ത്ഥ മുഖവും ലോകത്തെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ലിയോ പതിനാലാമന്‍ പാപ്പ.
ഇറ്റാലിയന്‍ പൊതുമേഖലാ സംപ്രേഷണ സ്ഥാപനമായ 'റായ്' (ഞഅക), മാധ്യമസ്ഥാപനമായ 'ടിജി 2' (ഠഏ2) എന്നിവയിലെ പ്രവര്‍ത്തകരും എഡിറ്റോറിയല്‍ അംഗങ്ങളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ വെറും പ്രചാരണായുധങ്ങളായി മാറുന്നതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി.
അധികാരമുള്ളവരുടെ വെറും ശബ്ദമായി മാറാതെ, വാര്‍ത്തകളുടെ സത്യാവസ്ഥ കൃത്യമായി പരിശോധിക്കണമെന്നും വസ്തുതകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സങ്കീര്‍ണ്ണമായ യുദ്ധസാഹചര്യങ്ങളില്‍ ഇത് ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും, സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ അനിവാര്യമായ ദൗത്യമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ആധുനിക കാലഘട്ടത്തിലെ പ്രധാന വെല്ലുവിളിയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു. വാര്‍ത്താവിനിമയ രംഗം സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് മാനുഷികമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രിക്കപ്പെടേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അനലോഗ് കാലഘട്ടത്തില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്കുള്ള മാറ്റം മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ എത്രയൊക്കെ സാങ്കേതിക വിപ്ലവങ്ങള്‍ വന്നാലും മനുഷ്യന്റെ സര്‍ഗ്ഗാത്മകതയ്ക്കോ, സ്വതന്ത്രമായ ചിന്തയ്ക്കോ പകരമാകാന്‍ അവയ്‌ക്കൊന്നിനും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ നിഷ്പക്ഷതയും ബഹുസ്വരതയും നിലനിര്‍ത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം അഭിപ്രായങ്ങളെ ശരിവെക്കുന്ന കാര്യങ്ങള്‍ മാത്രം കേള്‍ക്കാനും കാണാനുമുള്ള പ്രവണത മാറ്റിനിര്‍ത്തി, മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ കൂടി ഉള്‍ക്കൊള്ളാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണം.
പ്രത്യയശാസ്ത്രപരമായ മുന്‍വിധികളും വിദ്വേഷം പടര്‍ത്തുന്ന റിപ്പോര്‍ട്ടിംഗ് ശൈലിയും ഒഴിവാക്കിക്കൊണ്ട് യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേരിതിരിവുകളും ധ്രുവീകരണവും നിറഞ്ഞ ഇന്നത്തെ ലോകത്ത് സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ തുറന്ന മനസ്സ് അനിവാര്യമാണെന്ന് പാപ്പ പറഞ്ഞു.
ഭിന്നതകള്‍ക്ക് പകരം സൗഹൃദത്തിന്റെയും വൈവിധ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും, സത്യസന്ധമായ വാര്‍ത്താ വിതരണത്തിലൂടെ സമൂഹത്തെ സേവിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.