വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം.
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ടു.
അതിനിടെ വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. റാം നാരായണന്‍ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പ്രതികരിച്ചു.
അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
നാരായണ്‍ ദളിത് വിഭാഗത്തില്‍പ്പെടുന്ന ആളാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും പോലീസിനെ ഗുരുതര വീഴ്ചയുണ്ടായി.
കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. പതിനഞ്ചോളം പ്രതികള്‍ ഉണ്ടെന്നറിക്ക് നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
പ്രദേശവസികള്‍ സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളന്‍ എന്ന് ആരോപിച്ചു മര്‍ദ്ദിച്ചു. പുറം മുഴുവന്‍ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു.
കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.