ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വെയ്റ്റിങ് ലിസ്റ്റ്! വിസ്റ്റഡോം സര്‍വീസ് നീട്ടി റെയില്‍വേ, സര്‍വീസ് എത്രകാലം കൂടി തുടരുമെന്ന കാര്യത്തില്‍ റെയില്‍വേ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല

 
train


മധുര - ഗുരുവായൂര്‍, ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ് ട്രെയിനുകളിലെ വിസ്റ്റഡോം കോച്ച് സര്‍വീസ് നീട്ടി. 2027 ജനുവരി 15 വരെയായിരുന്നു നേരത്തെ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിനുശേഷമുള്ള തീയതികളിലേക്കും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് എത്രകാലം കൂടി തുടരുമെന്ന കാര്യത്തില്‍ റെയില്‍വേ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല. ബുക്കിങ് ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റിലായതോടെ സര്‍വീസിന് ലഭിക്കുന്ന ജനപ്രീതിയും ശ്രദ്ധേയമായി.

കഴിഞ്ഞ മാസം 22ന് ആരംഭിച്ച വിസ്റ്റഡോം സര്‍വീസിന് ലഭിച്ച മികച്ച പ്രതികരണമാണ് സര്‍വീസ് നീട്ടാന്‍ കാരണമായത്. മധുര - ഗുരുവായൂര്‍ എക്‌സ്പ്രസില്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ഗുരുവായൂര്‍ - മധുര എക്‌സ്പ്രസില്‍ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലുമാണ് നിലവില്‍ വിസ്റ്റഡോം കോച്ച് ലഭ്യമാക്കിയിരിക്കുന്നത്.


പശ്ചിമഘട്ട മലനിരകളുടെയും ആര്യങ്കാവ്, തെന്മല മേഖലകളുടെയും പ്രകൃതിരമണീയമായ കാഴ്ചകള്‍ ആസ്വദിച്ചുള്ള യാത്രയാണ് വിസ്റ്റഡോം കോച്ചിന്റെ പ്രധാന ആകര്‍ഷണം. വിശാലമായ കാഴ്ചാനുഭവം നല്‍കുന്ന കോച്ചിലൂടെയുള്ള യാത്ര വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായി മാറുകയാണ്. സര്‍വീസ് നീട്ടിയതോടെ ഈ മനോഹരമായ ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ കൂടുതല്‍ അവസരമാണ് ലഭിക്കുന്നത്.

Tags

Share this story

From Around the Web