ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് പരിധി ഉയര്‍ത്തി

തിരുവനന്തപുരം: ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ കാര്യത്തില്‍ യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബെര്‍ത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനമായി.
യാത്രക്കാരില്‍ നിന്നും റെയില്‍വേയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റെയില്‍വേ ബോര്‍ഡ് ആദ്യമെടുത്ത തീരുമാനം റദ്ദാക്കിയത്. റെയില്‍വേ ബോര്‍ഡ് പാസഞ്ചര്‍ മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടറുടെ പുതിയ ഉത്തരവില്‍, ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ നിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 60 ശതമാനം വരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക് അത് 30 ശതമാനമായിരിക്കും. റിസര്‍വേഷന്‍ കോച്ചുകളില്‍ തിരക്ക് കൂടുന്നു എന്ന് പറഞ്ഞാണ് വെയ്റ്റിങ് ലിസ്റ്റ് ജൂണ്‍ 16-മുതല്‍ റെയില്‍വേ വെട്ടിക്കുറച്ചത്.