ഉച്ചയ്ക്ക് വൈറ്റില ബാറില്‍, വൈകിട്ട് പാലാരിവട്ടം, രാത്രി നെടുമ്പാശ്ശേരി,100 കി.മീ വേഗത്തില്‍ കാറോടിച്ചെന്ന് സുഹൈല്‍
നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ താന്‍ അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് സമ്മതിച്ച് പ്രതി സുഹൈല്‍. വാഹനമോടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൈല്‍ പൊലീസിനോട് സമ്മതിച്ചു. എയര്‍പോര്‍ട്ട് റോഡിലൂടെ 100 കിലോമീറ്ററിലേറെ വേഗതയിലാണ് വാഹനമോടിച്ചതെന്നും പ്രതി സമ്മതിച്ചു. അപകടസമയത്തെ കാറിന്റെ വേഗമറിയാന്‍ വിദഗ്ദധ പരിശോധന നടത്തും. അപകടസമയത്ത് കാറിലുണ്ടായിരുന്നത് നാലുപേരാണെന്നും പൊലീസ് പറയുന്നു.
കണക്കറ്റ് മദ്യപിച്ചാണ് സുഹൈല്‍ വാഹനമോടിച്ചതെന്നാണ് മൊഴിയില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് സൂചന. ഉച്ചയ്ക്ക് വൈറ്റിലയിലെ ബാറില്‍ നിന്നും മദ്യപിച്ച പ്രതി വൈകിട്ട് പാലാരിവട്ടത്തെ ബാറില്‍ നിന്നും മദ്യം അകത്താക്കി. രാത്രിയില്‍ നെടുമ്പാശ്ശേരിയിലെ ബാറില്‍ കയറിയും മദ്യപിച്ചു. പ്രതി സുഹൈല്‍ മദ്യപിച്ച മൂന്ന് ബാറുകള്‍ക്കെതിരെ കേസെടുത്തു. 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കിയതിനാണ് കേസ്.
ഇന്നലെ പുലര്‍ച്ചെ 1.45 ഓടെയാണ് നാടിനെ നടുക്കിയ വാഹനാപകടം ഉണ്ടായത്. 218 കിലോമീറ്ററിലേറെ വേഗതിയില്‍ ആഡംബരക്കാറോടിച്ചെത്തിയ സുഹൈല്‍ സ്‌കൂട്ടര്‍ യാത്രികരെ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂവരും തല്‍ക്ഷണം മരിച്ചു.