ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ വി.ടി. ബല്‍റാം നടത്തിയ കുപ്രചരണത്തില്‍ പ്രതിഷേധം അറിയിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: കേരളത്തിലെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് വന്ന ഉടന്‍ തന്നെ സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഇഡബ്ല്യൂഎസ് സംവരണത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വിലയിരുത്തി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇ.ഡബ്ല്യൂ.എസ്. സംവരണത്തിലൂടെ 'മുന്നാക്ക' ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എം.ബി.ബിഎസ് സീറ്റുകള്‍ അനര്‍ഹമായി നേടിയെന്നാണ് വി.ടി. ബല്‍റാം ഫേസ്ബുക് പോസ്റ്റില്‍ അടിസ്ഥാനരഹിതമായി ആരോപിക്കുന്നത്.
മുസ്ലിം മതവിഭാഗത്തിന് ഉയര്‍ന്ന അനുപാതം സീറ്റുകള്‍ ലഭിക്കേണ്ടതാണെന്നും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിയതുകൊണ്ട് അവര്‍ക്ക് നഷ്ടമുണ്ടായെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതോടൊപ്പം ക്രൈസ്തവരില്‍ മൂന്നാക്ക-പിന്നാക്ക വിഭജനവും പരാമര്‍ശ വിധേയമാക്കുന്നു. കേരളത്തിലെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സംവരണ സാഹചര്യങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. ക്രൈസ്തവരിലെ ഭൂരിപക്ഷവും ജാതിസംവരണത്തിന് പുറത്തായിരിക്കുമ്പോള്‍ മുസ്ലിം മതവിഭാഗത്തിലെ എല്ലാവര്‍ക്കുംതന്നെ ഒ.ബി.സി./ എസ്.ഇ.ബി.സി. സംവരണം ലഭിക്കുന്നു.
സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍ക്കായി 103-ാം ഭരണഘടനാഭേദഗതിയിലൂടെ നിലവില്‍ വന്ന 10% ഇ.ഡബ്ല്യൂ.എസ്. സംവരണം ഭരണഘടനാപരമായി ലഭിച്ച നീതിയാണ്. ഇരട്ട സംവരണത്തിന് ഇടനല്‍കാത്തവിധവും ജാതി, മത പരിഗണനയ്ക്കപ്പുറം സാമ്പത്തിക പിന്നാക്കാവസ്ഥയെന്ന ആധുനികകാലത്തെ മൂര്‍ത്തമായ ജീവിതയാഥാര്‍ഥ്യത്തോടു ബന്ധപ്പെടുത്തി രൂപീകരിക്കപ്പെട്ട നിയമനിര്‍മാണമാണ് ഇ.ഡബ്ല്യൂ.എസ്. ഈ സംവരണം നിലവില്‍ വന്നപ്പോള്‍ മാത്രമാണ് പലവിധത്തിലും വെല്ലുവിളികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കേരള ക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് എന്തെങ്കിലുമൊരു സംവരണാനുകൂല്യം ലഭിച്ചുതുടങ്ങിയത്. അതിനെ പ്പോലും അത്യന്തം വിമര്‍ശനബുദ്ധിയോടെ അവതരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ സംവരണത്തിന്റെപേരില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പി ക്കുന്ന നിലപാടുകള്‍ക്കെതിരെ പൊതുമനസാക്ഷി ഉണരണം. സംവരണം മതത്തിനും ജാതിക്കും സ്വാധീനത്തിനും വോട്ടുബാങ്കിനും വേണ്ടിയെന്നതിനു പകരം, യഥാര്‍ത്ഥത്തില്‍ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന അര്‍ഹതയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. ജനസംഖ്യാനുപാതിക സംവരണം എന്നപേരില്‍ ജാതി - മത ആധിപത്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ചില രാഷ്ട്രീയകക്ഷികളുടെ ഗൂഢതാത്പര്യങ്ങളോടുള്ള എതിര്‍പ്പും കമ്മീഷന്‍ അറിയിക്കുകയാണെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മിഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ പ്രസ്താവിച്ചു.