കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച് വ്‌ലോഗര്‍മാരുടെ വ്യാജ പ്രചാരണം; വിശദീകരണം തേടി ഹൈക്കോടതി

 
court

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. 


മലബാര്‍ ദേവസ്വം ബോര്‍ഡ്, കൊട്ടിയൂര്‍ ദേവസ്വം, കണ്ണൂര്‍ പോലീസ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. 

എറണാകുളം മരട് സ്വദേശി സനല്‍ സി.എസ്. സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.

ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ വ്‌ലോഗര്‍മാര്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നതാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ക്ഷേത്രത്തിലെ യഥാര്‍ത്ഥ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വ്ളോഗര്‍മാര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു.


 വസ്ത്രാവശിഷ്ടങ്ങള്‍ ബാവലിപ്പുഴയില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് പുഴയുടെയും വനമേഖലയുടെയും മലിനീകരണത്തിന് കാരണമാകുന്നുണ്ട്.


സാമൂഹിക മാധ്യമങ്ങളിലെ ഈ പ്രചാരണം പരിസ്ഥിതിലോല പ്രദേശമായ കൊട്ടിയൂരിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. 


ഇത് ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നുവെന്നും, ക്ഷേത്രപരിസരത്ത് വ്ളോഗര്‍മാരും ഭക്തരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 


ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലീസ് അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അഭിഭാഷകന്‍ ആദിത് കിരണ്‍ ആര്‍.എസ്. ഹര്‍ജിക്കാരന് വേണ്ടി ഹാജരായി. കേസ് സെപ്തംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.

Tags

Share this story

From Around the Web