പശ്ചിമ ബംഗാളില്‍ ബൈബിള്‍ കണ്‍വന്‍ഷനു നേരെ അക്രമം; വിശ്വാസികള്‍ക്ക് പരിക്ക്

 
cross


പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ ബൈബിള്‍ കണ്‍വന്‍ഷനു നേരെ നടന്ന ആസൂത്രിതമായ അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നദിയ ജില്ലയിലെ ജലാല്‍ഖള്ളിയിലുള്ള 'ഡിവൈന്‍ ലവ് റിട്രീറ്റ് സെന്ററില്‍', വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ സന്താളി കത്തോലിക്കാ സമൂഹത്തിനായി സംഘടിപ്പിച്ച കണ്‍വന്‍ഷനിടയില്‍, ഒക്ടോബര്‍ ഒമ്പതിനാണ് അക്രമ സംഭവങ്ങള്‍ നടന്നത്.

ഒക്ടോബര്‍ 8 മുതല്‍ 11 വരെ നാല് ദിവസങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന കണ്‍വന്‍ഷനാണ് അക്രമികളെത്തി തടസ്സപ്പെടുത്തിയത്. പള്ളിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്ത സംഘം, ഔദ്യോഗിക അനുമതികളോടെ നടന്നുവന്ന സമാധാനപരമായ പ്രാര്‍ഥനായോഗം നിര്‍ത്തിവയ്ക്കാന്‍ സംഘാടകരെ നിര്‍ബന്ധിതരാക്കുകയായിരുന്നു.

കേരളത്തില്‍ നിന്നുള്ള വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ 2006 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ റിട്രീറ്റ് സെന്റര്‍. കൃത്യമായി വാര്‍ഷിക കണ്‍വന്‍ഷനുകള്‍ നടത്തിവരുന്നുണ്ട്. യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ന്നുവന്ന ബൈബിള്‍ കണ്‍വന്‍ഷനാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.

സ്ഥാപനത്തില്‍ വര്‍ഷങ്ങളായി മതംമാറ്റം നടക്കുന്നുണ്ടെന്ന പ്രചാരണം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ട്ര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് അറക്കല്‍ വിസി ശക്തമായി നിഷേധിച്ചു. പൂര്‍ണ്ണമായും പ്രാര്‍ഥനയ്ക്കും ആത്മീയ നവീകരണത്തിനുമായി മാത്രം മാറ്റിവച്ച ഈ സമ്മേളനത്തില്‍ ക്രൈസ്തവര്‍ മാത്രമാണ് പങ്കെടുത്തിരുന്നതെന്നും അല്ലാത്ത ആരും അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്‍വന്‍ഷനിലെ പ്രസംഗങ്ങളും മറ്റ് ശുശ്രൂഷകളും ഓണ്‍ലൈനില്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ ഏകദേശം ആറു ലക്ഷം ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്, പിന്നെന്തിനാണ് അക്രമികള്‍ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഒക്ടോബര്‍ 9-ന് ഉച്ചകഴിഞ്ഞ് പുറത്തുനിന്നെത്തിയ ചില വ്യക്തികള്‍ സ്ഥാപനത്തിലെത്തി പരിപാടികളെക്കുറിച്ച് അന്വേഷിക്കുകയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് ഏകദേശം ഒരു മണിക്കൂറിനു ശേഷം മൈക്രോഫോണുകളുമായി പള്ളി കവാടത്തിന് പുറത്ത് തടിച്ചുകൂടിയ സംഘം ക്രൈസ്തവ വിശ്വാസത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും മതംമാറ്റം ആരോപിച്ച് പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.

വൈകുന്നേരം 6 മണിയോടെ സംഘം പള്ളിക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന കുരിശില്‍ പതാകകള്‍ കെട്ടാന്‍ ശ്രമിച്ചു. വിശ്വാസികള്‍ ഇത് എതിര്‍ത്തപ്പോള്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് അക്രമികള്‍ പള്ളിക്ക് നേരെ തിരിയുകയും കണ്‍വന്‍ഷന്റെ ബാനറുകള്‍ വലിച്ചുകീറുകയും പള്ളിയുടെ പുറത്തുവശത്തെ ഗ്രോട്ടോയുടെ ഗ്ലാസ് പാനലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സംഘര്‍ഷത്തിനിടയിലാണ് ആറ് വിശ്വാസികള്‍ക്ക് പരിക്കേറ്റത്.

വൈകുന്നേരം 7 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും, പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികള്‍ രംഗത്തുണ്ടായിരുന്നു. തുടര്‍ന്ന്, റിട്രീറ്റ് സെന്ററിനുള്ളില്‍ പ്രവേശിച്ച പൊലീസ് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ചോദ്യം ചെയ്യുകയാണുണ്ടായത്. മാത്രമല്ല, ഒക്ടോബര്‍ 10-ലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ തുടരണമെങ്കില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അനുമതി വേണമെന്ന് അറിയിച്ച് പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

കൃത്യമായ അനുമതിയോടെ നടന്ന സമാധാനപരമായ ഒരു ആരാധനാ ചടങ്ങ് ആക്രമിക്കപ്പെട്ടതിന് ശേഷം, അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പ്രാര്‍ഥനാ യോഗം നിര്‍ത്തിവയ്പ്പിച്ച നടപടി വിശ്വാസികളില്‍ വലിയ ആശങ്കയും മനോവിഷമവും ഉണ്ടാക്കിയിട്ടുണ്ട്. കുറ്റക്കാരായ വ്യക്തികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, ക്രൈസ്തവ സമൂഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും സഭാ പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനോടും നിയമപാലകരോടും ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകള്‍ പ്രകാരം ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നടപടിയെടുക്കണമെന്ന് സഭ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് കത്തോലിക്കാ സഭാ സമൂഹത്തിന്റെ ശക്തമായ ആവശ്യം.

Tags

Share this story

From Around the Web