ഹെയ്തിയിൽ കത്തോലിക്കാ സഭയ്ക്ക് നേരെ അക്രമം രൂക്ഷം; നശീകരണങ്ങൾക്കിടയിലും ശുശ്രൂഷകൾ തുടർന്ന് സഭ
പോർട്ട് ഒ പ്രിൻസ്: കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന കരീബിയൻ രാജ്യമായ ഹെയ്തിയിൽ അക്രമങ്ങൾ അഴിച്ചുവിടുന്ന ഗുണ്ടാസംഘങ്ങൾ കത്തോലിക്കാ സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും ബോധപൂർവം ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. സായുധ സംഘങ്ങളുടെ നിരന്തരമായ ആക്രമണങ്ങളെ തുടർന്ന് തലസ്ഥാനമായ പോർട്ട് ഒ പ്രിൻസിൽ മാത്രം 40-ഓളം ഇടവകകൾ ഇതിനകം പ്രവർത്തനം നിർത്തിവച്ചു. കൂടാതെ സെൻട്രൽ പ്ലാറ്റോയിൽ 15-ഓളം പള്ളികളും ആർട്ടിബോണൈറ്റിൽ 10-ഓളം പള്ളികളും അടച്ചുപൂട്ടേണ്ടി വന്നു.
അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റി സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ന് നൽകിയ അഭിമുഖത്തിലാണ് ജെറെമിയിലെ ബിഷപ്പ് ജോസഫ് ഗൊൺട്രാൻഡ് ഡെകോസ്റ്റ് രാജ്യത്തെ ഭയാനകമായ അവസ്ഥ വെളിപ്പെടുത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ധാർമ്മികവും ആത്മീയവുമായ പിന്തുണ നൽകുന്ന അവസാനത്തെ പ്രധാന ശക്തിയായതിനാലാണ് കത്തോലിക്കാ സഭയ്ക്ക് നേരെ ഇത്തരം ക്രൂരമായ ആക്രമണങ്ങൾ വ്യാപകമാകുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാണിച്ചു.
തലസ്ഥാനമായ പോർട്ട് ഒ പ്രിൻസിന്റെ വലിയൊരു പങ്കും പ്രധാന ഹൈവേകളും നിലവിൽ ആയുധധാരികളായ അക്രമികളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ്. സ്കൂളുകളും റിലീജിയസ് ഹൗസുകളും ആക്രമിക്കുകയും തീയിടുകയും ചെയ്ത അക്രമികൾ, പല സഭാ കെട്ടിടങ്ങളും തങ്ങളുടെ താവളങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഇതോടൊപ്പം സന്യാസിനികൾക്കും വൈദികർക്കും നേരെ വലിയ തോതിലുള്ള അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ സഭയ്ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. 2024-ൽ മാത്രം ഒൻപത് സന്യാസിനികളും അഞ്ച് ബ്രദേഴ്‌സും നാല് വൈദികരുമാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. 2025 മാർച്ച് 31-ന് മിറെബലെയിൽ വച്ച് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസാ സഭാംഗങ്ങളായ രണ്ടു സന്യാസിനിമാർ അക്രമികളുടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. തുടർന്നുള്ള വർഷങ്ങളിലും ആക്രമണങ്ങൾക്ക് മാറ്റമില്ല. 2026-ന്റെ ആദ്യ ഏഴ് മാസങ്ങൾക്കിടെ ഒരു വൈദികാർഥി കൊല്ലപ്പെടുകയും രണ്ട് വൈദികർ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തു.
വൻ സുരക്ഷാ ഭീഷണിയും കടുത്ത ഭയവും നിലനിൽക്കുമ്പോഴും കത്തോലിക്കാ സഭ തങ്ങളുടെ സുവിശേഷ ദൗത്യങ്ങളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും ഒട്ടും പിന്മാറിയിട്ടില്ല. റേഡിയോ പ്രക്ഷേപണങ്ങൾ, ഓൺലൈൻ ക്ലാസുകൾ, ഭവന രഹിതരായവർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ സഭ ഇപ്പോഴും ഒപ്പമുണ്ട്.
“ഹെയ്തിയിൽ ഒരു പഴഞ്ചൊല്ലുണ്ട്: ‘തല വെട്ടിമാറ്റാത്തിടത്തോളം കാലം തൊപ്പി ധരിക്കാമെന്ന പ്രതീക്ഷ നമുക്കുണ്ട്.’ അതിനാൽ ഞങ്ങൾ പ്രാർഥനയും പ്രത്യാശയും കൈവിടില്ല,”എന്ന് ബിഷപ്പ് ഡെകോസ്റ്റ് വിശ്വാസത്തോടെ പങ്കുവെച്ചു.