ഒഡീഷയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ അക്രമം. മയൂർഭഞ്ച് ജില്ലയിലെ ബിസോയ് ബ്ലോക്കിൽ ഞായറാഴ്ച രാവിലെയാണ് സംഭവം
ഒഡീഷ: ഒഡീഷയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ അക്രമം. മയൂർഭഞ്ച് ജില്ലയിലെ ബിസോയ് ബ്ലോക്കിൽ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. പാസ്റ്റർ ജഗന്നാഥ് നായിക്കിന്റെ വീട്ടിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയതായിരുന്നു. എന്നാൽ പ്രാർത്ഥന തടസ്സപ്പെടുത്തിക്കൊണ്ട് വടികളുമായി അമ്പതോളം വരുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി.
ക്രിസ്ത്യൻ പ്രാർത്ഥനകൾ കാരണം തങ്ങളുടെ ദേവീദേവന്മാർ അസംതൃപ്തരാണെന്നും, ഗ്രാമത്തിൽ പ്രാർത്ഥന നടത്താൻ അനുവദിക്കില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു മർദ്ദനം. പാസ്റ്റർ ജഗന്നാഥ് നായിക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച പ്രായമായ ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. അക്രമികളിൽ പലരും മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച പാസ്റ്ററെ സംഘം ബലമായി തടയുകയും വീഡിയോകൾ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് വിശ്വാസികൾ പോലീസിനെ വിളിച്ചെങ്കിലും മറ്റൊരു അപകടസ്ഥലത്താണെന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് വിശ്വാസികൾ നേരിട്ട് ബിസോയ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. നിലവിൽ സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.