നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും അക്രമം; 9 വിശ്വാസികള്‍ തീവ്രവാദികളുടെ തടങ്കലില്‍

 
kenya 111


കടുണ: നൈജീരിയായിലെ കടുണ സംസ്ഥാനത്തു ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 9 പേര്‍ തടങ്കലില്‍ തുടരുന്നു. 


ചിക്കുന്‍ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയിലുള്ള കുര്‍മിന്‍ വാലി കമ്മ്യൂണിറ്റിയില്‍ സായുധ സംഘം അക്രമം നടത്തിയാണ് 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്. 

ഇവരില്‍ ഒന്‍പത് പേര്‍ ഇപ്പോഴും തടവില്‍ തുടരുകയാണെന്ന് 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ' കടുണ സ്റ്റേറ്റ് ഘടകം അറിയിച്ചു.

നവംബര്‍ 15നാണ് സായുധ സംഘം ആക്രമണം നടത്തിയത്. പ്രദേശവാസികള്‍ പള്ളിയില്‍ ആരാധനയില്‍ പങ്കെടുക്കുമ്പോള്‍ സായുധ സംഘം അവിടെയെത്തി 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ' സ്റ്റേറ്റ് ചെയര്‍മാന്‍ കാലേബ് ബാവ മാജി പറഞ്ഞു. 

തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ മൂന്ന് പേര്‍ പിന്നീട് രക്ഷപ്പെട്ട് തിരിച്ചെത്തിയെങ്കിലും, ഒന്‍പത് പേര്‍ ഇപ്പോഴും അക്രമികളുടെ പിടിയില്‍ തുടരുകയാണ്.

ഒക്ടോബര്‍ 5-ന് നടന്ന മറ്റൊരു ആക്രമണത്തിനിടെ അഞ്ച് പ്രദേശവാസികളെ തട്ടിക്കൊണ്ടുപോയതായും മാജി അറിയിച്ചു. ഇവര്‍ അഞ്ചുപേരും ഇപ്പോഴും തടവിലാണെന്ന് അദ്ദേഹം പറഞ്ഞു. 

ഈ പുതിയ സംഭവത്തോടെ, രണ്ട് ആക്രമണങ്ങളിലായി തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഇപ്പോഴും തടവില്‍ കഴിയുന്നവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. 

വടക്കന്‍-മദ്ധ്യ നൈജീരിയയില്‍ സ്ഥിതി ചെയ്യുന്ന കടുണ സംസ്ഥാനത്ത് ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. 

ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ക്രൈസ്തവര്‍ രംഗത്തുണ്ടെങ്കിലും ഭരണകൂടം നിശബ്ദത തുടരുകയാണ്.

Tags

Share this story

From Around the Web