വില്ലാ നസ്രത്ത് ക്രൈസ്തവ ചിന്തകളുടെ ഉലയാകണം: ലെയോ പതിനാലാമൻ പാപ്പ

 
Leo papa

യുവജനങ്ങളുടെ ബുദ്ധിപരവും ധാർമ്മികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വില്ലാ നസ്രേത്ത് സമൂഹം നൽകുന്ന പിന്തുണയെ ലെയോ പതിനാലാമൻ മാർപ്പാപ്പ അഭിനന്ദിച്ചു. മനസും ആത്മാവും തമ്മിലും, വിശ്വാസവും പഠനവും തൊഴിലും ജീവിതവും തമ്മിലും ഐക്യം സ്ഥാപിക്കാൻ യുവജനങ്ങൾക്ക് വെളിച്ചവും വഴികാട്ടിയും ആവശ്യമാണെന്നും അതിനായി ഈ സമൂഹം തുടർന്നും പ്രവർത്തിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെത്തിയ വില്ലാ നസ്രേത്ത് സമൂഹ അംഗങ്ങൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, എൺപത് വർഷങ്ങൾക്ക് മുമ്പാണ് കർദ്ദിനാൾ ഡൊമെനിക്കോ താർദിനി റോമിൽ ‘വില്ലാ നസ്രേത്ത്’ സ്ഥാപിക്കുന്നത്. അക്കാലത്ത് അതൊരു വലിയ പ്രത്യാശയുടെ കേന്ദ്രമായിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറവും, പിന്നാക്കം നിൽക്കുന്ന യുവജനങ്ങളെ സഹായിച്ചുകൊണ്ട് വിശ്വാസം, സംസ്കാരം, കാരുണ്യം എന്നിവയെ കോർത്തിണക്കുന്ന ദൗത്യം വില്ലാ നസ്രേത്ത് വിജയകരമായി തുടരുകയാണ്.


കമ്മ്യൂണിറ്റിയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് മെയ് 30-ന് കർദ്ദിനാൾപിയത്രോ പരോളിന്റെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക ദിവ്യബലി അർപ്പിച്ചു. തുടർന്ന് അപ്പസ്തോലിക് കൊട്ടാരത്തിലെ ഹാൾ ഓഫ് ബ്ലെസ്സിങ്സിൽ വെച്ച് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയും നടന്നു. അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, ആത്മീയ ഉപദേശകർ എന്നിവരടക്കം വലിയൊരു സമൂഹം ചടങ്ങിൽ പങ്കെടുത്തു. ഇതുവരെ 1,300-ലധികം വിദ്യാർത്ഥികളാണ് വില്ലാ നസ്രേത്തിലൂടെ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Tags

Share this story

From Around the Web