വിലങ്ങാട് പുനരധിവാസം; 70 വീടുകള്‍ നല്‍കി മാതൃകയായി സഭ
കോഴിക്കോട്: വിലങ്ങാട് ദുരന്ത സമയത്ത് നിരവ ധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായില്ലെന്നും വാക്കുപാലിച്ചത് കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
കെസിബിസിയുടെ സഹകരണത്തോടെ താമരശേരി രൂപത നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളിയങ്കണത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭ എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഒപ്പമാണ്. ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണ് ഇത്രയും ബൃഹത്തായൊരു പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ തെന്നും, ദൈവത്തിന് നന്ദി പറയേണ്ട സമയമാ ണിതെന്നും ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍ പറഞ്ഞു.
ജാതി, മത, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി സങ്കടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ച് ദുരന്തത്തെ തോല്‍പ്പിച്ചതാണ് യഥാര്‍ത്ഥ ‘കേരള സ്റ്റോറി’ എന്ന് അധ്യക്ഷപ്രസംഗത്തില്‍ തലശേരി അതിരൂപ താധ്യ ക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ ആളുകളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണ് കെസിബി സിക്ക് ഇത്തരമൊരു പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലവര്‍ഷം അടുത്തിരിക്കെ വിലങ്ങാടുകാര്‍ ഭീതിയിലാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചൂണ്ടിക്കാട്ടി. ദുരന്തബാധിത പ്രദേശത്ത് വീട് വയ്ക്കരുതെന്ന് വിലക്കുന്ന അധികാരികള്‍, ജനങ്ങള്‍ എവിടെ താമസിക്കുമെന്ന ചോദ്യത്തിന് മുന്നില്‍ മൗനം പാലിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തകര്‍ന്ന റോഡുകള്‍ ഇന്നും ശോചനീയാവസ്ഥയില്‍ തുടരുന്നു. അധികാരത്തി ലേറാന്‍ പോകുന്ന പുതിയ സര്‍ക്കാര്‍ വിലങ്ങാടിന്റെ അടിസ്ഥാന വികസനത്തിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ വീതവും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കിയ മുന്‍ സര്‍ക്കാ രിന്റെ നടപടിയെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
എഴുപതാമത്തെ വീടിന്റെ താക്കോല്‍ദാനം മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയ്യൂര്‍ സലഫിയ കോളേജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സിഒഡി രൂപതാ ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം, താമരശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗം ഫാ. മൈക്കിള്‍ വെട്ടിക്കാട്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി, അപ്പസ്തോലിക് കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസീന എ.സി, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂവത്തിങ്കല്‍, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ജീസസ് യൂത്ത് ആനിമേറ്റര്‍ റെജി ജെ. കരോട്ട്, വാര്‍ഡ് മെമ്പര്‍ ഷെബി സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രദേശവാസികളും ജനപ്രതിനിധികളും വൈദികരും സന്യസ്തരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.