വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; 3 വീടുകളുടെ താക്കോല്‍ദാനം 14-ന്

 
Kcbc

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട്, ചൂരല്‍മല പ്രദേശങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡി എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭവനപദ്ധതിയുടെ ഭാഗമായി മൂന്നു വീടുകളുടെ താക്കോദാനം മെയ് 14-ന് നടക്കും.

ഒന്നാംഘട്ടത്തില്‍ 41 വീടുകള്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ വിവിധ രൂപതകളുടെയും സന്യാസ സഭകളുടെയും വ്യക്തികളുടെയും സഹകരണ ത്തോടെ 67 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോലുകള്‍ കൈമാറിക്കഴിഞ്ഞു. 14ന് വൈകുന്നേരം നാലിന് വിലങ്ങാട് മഞ്ഞക്കുന്ന് സെന്റ് ജോര്‍ജ് പള്ളി അങ്കണത്തില്‍ വെച്ചാണ് സമ്മേളനവും താക്കോല്‍ദാന കര്‍മ്മവും നടക്കുന്നത്.

കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.

വടകര എം.പി ഷാഫി പറമ്പില്‍, നാദാപുരം എം എല്‍എ കെ.എം അഭിജിത് എന്നിവര്‍ താക്കോല്‍ കൈമാറും.. സിഒഡി പ്രസിഡന്റ് മോണ്‍. ജോയ്സ് വയലില്‍, മേപ്പയൂര്‍ സലാഫിയ കോളജ് അസോ സിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ദുരന്തനിവാരണ സമിതി പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, കെസിബിസി-കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ആര്‍ദ്ര എസ്‌ഐസി, അപ്പസ്തോലിക് കാര്‍മ്മല്‍ സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസീന എ.സി, വിലങ്ങാട് ഫൊറാന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, കെഎസ് എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ജീസസ് യൂത്ത് ആനിമേറ്റര്‍ റെജി കരോട്ട് എന്നിവര്‍ പ്രസംഗിക്കും.

ചടങ്ങില്‍ രണ്ടാംഘട്ട പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും

Tags

Share this story

From Around the Web