പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം; സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി ദിവ്യക്കെതിരായ അന്വഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ടെ വിജിലന്‍സ് ഓഫിസിലെത്താന്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. കൂടാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ഡയറക്ടര്‍മാര്‍ക്കും ഹാജരാകാന്‍ വജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജിഎസ്ടി അടച്ചതിന്റെ തെളിവുകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലും സില്‍ക്കിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യയിലും വിജിലന്‍സ് പരിശോധന നടത്തിയത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട 12 കോടി രൂപയുടെ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.