ദൈവവിളികൾക്ക് വേണ്ടി ലാറ്ററൻ ബസിലിക്കയിൽ ജാഗരണ പ്രാർത്ഥന
ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി, നല്ലയിടയനായ യേശുവിന്റെ തിരുനാൾ ദിനം ആഘോഷിക്കുന്ന ആഗോള ദൈവവിളി ദിനത്തിന് മുന്നോടിയായി, ഏപ്രിൽ 24 ന് വൈകുന്നേരം, റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ, ദൈവവിളികൾക്കുവേണ്ടി, പ്രത്യക ജാഗരണ പ്രാർത്ഥന നടത്തി. റോം രൂപതയുടെ കർദ്ദിനാൾ വികാരി ബാൽദസാരെ റെയ്‌ന, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സിക്ക്, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
നിർത്തുക, ശ്രദ്ധിക്കുക, വിശ്വസിക്കുക എന്നീ മൂന്നു ക്രിയകളാണ്, ഇത്തവണത്തെ ദൈവവിളി ദിന സന്ദേശത്തിൽ അടിവരയിട്ടു പറയുന്നത്. റോം രൂപത, സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്റ്ററി, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ദൈവവിളിക്കായുള്ള കമ്മീഷൻ, ഏണിവയുടെ സഹകരണത്തോടെ, വൈദികർക്കായുള്ള ഡിക്കാസ്റ്ററിയാണ് ജാഗരണ പ്രാർത്ഥന ഒരുക്കിയത്. ആധികാരിക ദൈവവിളിയുടെയും, അതിന്റെ വളർച്ച ഉറപ്പാക്കുന്നതിനുമുള്ള ശരിയായ മനോഭാവമാണ് ഈ മൂന്നു ക്രിയകൾ ലക്‌ഷ്യം വയ്ക്കുന്നതെന്ന് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സിക്ക് സന്ദേശത്തിൽ പറഞ്ഞു. പ്രാർത്ഥനയാണ് ദൈവവുമായുള്ള ഒരു ബന്ധത്തിലേക്കും, ദൈവിളി സ്വീകരിക്കുവാനുള്ള നമ്മുടെ സന്നദ്ധതയിലേക്കും നമ്മെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈബിൾ വായനകളുടെയും, പാപ്പായുടെ സന്ദേശത്തിൽ നിന്നുള്ള ഉദ്ധരണികളുടെയും, ഗീതങ്ങളുടെയും അകമ്പടിയോടെയാണ് ജാഗരൺ പ്രാർത്ഥന നയിക്കപ്പെട്ടത്. മുന്തിരിവള്ളിയെയും ശാഖകളെയും കുറിച്ചുള്ള യോഹന്നാന്റെ സുവിശേഷ ഭാഗത്തെക്കുറിച്ച് വിശദീകരിച്ച കർദിനാൾ റെയ്‌ന, നിർത്തുക, ശ്രദ്ധിക്കുക, വിശ്വസിക്കുക എന്നീ മൂന്ന് ലളിതമായ ക്രിയകൾ, ഓരോ ആധികാരിക ദൈവവിളിക്കും നിർണായകമാണെന്ന് ചൂണ്ടിക്കാണിച്ചു. യേശു ഒരാളുടെ ജീവിതത്തിന് അർത്ഥവും, പൂർത്തീകരണവും, ഒരു ചക്രവാളവും നൽകുന്നുവെന്ന് ആഴത്തിൽ മനസ്സിലാക്കിയാൽ, ദൈവവിളി തിരഞ്ഞെടുക്കുന്നതിലേക്കുള്ള യാത്ര ഉറച്ച അടിത്തറകളിലാണ് നിലകൊള്ളുന്നതെന്ന് കർദ്ദിനാൾ വിശദീകരിച്ചു. അതിനാൽ ദൈവവിളി ഒരു സൗഹൃദത്തിന്റെ ഊഷ്മളത പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം അടിവരയിട്ടു.