ട്രാഫിക് പിഴയായി പിരിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ എസ്.ഐക്കെതിരെ വിജിലൻസ് കേസ്. തട്ടിപ്പ് നടത്തിയത് ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലിയിലിരിക്കെ

 
police

കാസർകോട്: വാഹന പരിശോധനയ്ക്കിടെ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയായി ഈടാക്കിയ 2.96 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക് അടയ്ക്കാതെ തട്ടിയെടുത്ത കേസിൽ മുൻ സബ് ഇൻസ്പെക്ടർ അരുൺ മോഹനെതിരെ വിജിലൻസ് കേസെടുത്തു. 

ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് എന്നീ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലാണ് ഇയാൾ വ്യാപകമായി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്.

വാഹന ഉടമകളിൽനിന്ന് നേരിട്ട് പിഴത്തുക പണമായി കൈപ്പറ്റിയ ശേഷം, തുക ട്രഷറിയിലോ സർക്കാർ അക്കൗണ്ടിലോ ഒടുക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു. തുടർന്ന് പിഴയടച്ച വാഹനങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ സംവിധാനമായ ഇ-ചെല്ലാനിൽ 'കുടിശ്ശിക' (Pending) ആയിത്തന്നെ നിലനിർത്തുകയും ചെയ്തു. 

വാഹന ഉടമകൾക്ക് തുടർന്നും ചെല്ലാൻ കുടിശ്ശികയായി കാണിച്ചതിനെത്തുടർന്ന് ഉയർന്ന പരാതികളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിലാണ് വൻ തിരിമറി പുറത്തുവന്നത്.

തട്ടിയെടുത്ത പണം ഇയാൾ സ്വന്തം അക്കൗണ്ടുകളിലേക്കോ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കോ വകമാറ്റിയിട്ടുണ്ടോ എന്നറിയാൻ വിജിലൻസ് വിശദമായ സാമ്പത്തിക പരിശോധന ആരംഭിച്ചിട്ടുണ്ട്. 

അരുൺ മോഹന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

Tags

Share this story

From Around the Web