വിയറ്റ്‌നാം ബോട്ടപകടം. മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.ജൂലൈ 9ന് വിയറ്റ്‌നാമില്‍ എത്തിയ ഇവര്‍ ഞായറാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം
കൊല്ലം: വിയറ്റ്നാമിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.
കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി തോമസിന്റെയും ഭാര്യ ലോവേനി തോമസിന്റെയും മൃതദേഹങ്ങളുമായി രാവിലെ മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.50 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു.
മന്ത്രിമാരായ പിസി വിഷ്ണുനാഥ്, സി.പി ജോണ്‍ , കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കൊട്ടാരക്കരയിലേക്ക് കൊണ്ട് വരും. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കാണ് എത്തിക്കുക.
നാളെ രാവിലെ 10 മണിക്ക് ജൂബിലി മന്ദിര ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് 3.30 ഓടെ കൊട്ടാരക്കര മാര്‍ത്തോമ്മ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുകയും ചെയ്യും.
ജൂലൈ 11ന് വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മുങ്ങിമരിച്ചിരിച്ചിരുന്നു. ഫൂ ക്വോക്ക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്.
ഇന്ത്യയില്‍ നിന്നുള്ള ലാവ മൊബൈല്‍ കമ്പനിയുടെ സെല്ലര്‍മാര്‍, ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരടങ്ങിയ സംഘമാണ് ഔദ്യോഗിക വിനോദയാത്രയുടെ ഭാഗമായി വിയറ്റ്‌നാമിലെത്തിയത്.
ജൂലൈ 9ന് വിയറ്റ്‌നാമില്‍ എത്തിയ ഇവര്‍ ഞായറാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദുരന്തം.
യാത്രാ സംഘത്തെ മൂന്ന് ബാച്ചുകളായി തിരിച്ചായിരുന്നു ദ്വീപുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതില്‍ 32 ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി മറ്റൊരു ദ്വീപിലേക്ക് യാത്ര തിരിച്ച ആദ്യത്തെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.