സിപിആര്‍ നല്‍കുന്നതിന്റെ വീഡിയോ പകര്‍ത്തുന്നത് വിലക്കി; ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് രോഗിയുടെ മകന്‍
പൂനെ: പൂനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് സിപിആര്‍ നല്‍കുന്നത് മൊബൈലില്‍ പകര്‍ത്തിയത് തടഞ്ഞ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. രോഗിയുടെ മകനാണ് ഡോക്ടറെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ 30-കാരനെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച ഘോര്‍പഡി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവിനെ സസൂണ്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ട്രെയിനി ഡോക്ടര്‍ സിപിആര്‍ നല്‍കുന്നതിനിടെ യുവാവ് ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ തുടങ്ങി. ജീവന്‍രക്ഷാ ശ്രമങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ ഡോക്ടറോട് ഇയാള്‍ പ്രകോപിതനാവുകയും തുടര്‍ന്ന് കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ചികിത്സയിലായിരുന്ന രോഗി പിന്നീട് മരണപ്പെട്ടു. സംഭവത്തില്‍ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുണ്ട്ഗാര്‍ഡന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 132 (ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍), 352, 351 കൂടാതെ മഹാരാഷ്ട്ര മെഡിക്കല്‍ സര്‍വീസ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അക്രമ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷം പ്രതിയെ നിലവില്‍ വിട്ടയച്ചിട്ടുണ്ടെന്നും സബ് ഇന്‍സ്പെക്ടര്‍ ഗണേഷ് വാങ്കഡെ അറിയിച്ചു.