കത്തുന്ന ചിതയില്‍ നിന്ന് മൃതദേഹഭാഗമെടുത്ത് തിന്നു, വീഡിയോ വൈറലായി; അഘോരി വനിത അറസ്റ്റില്‍
ഉജ്ജയിന്‍: കത്തുന്ന ചിതയില്‍ നിന്ന് മൃതദേഹഭാഗമായ മനുഷ്യമാംസം ഭക്ഷിച്ച അഘോരി വനിത അറസ്റ്റിലായി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് കാളി നന്ദ് ഗിരി എന്ന അഘോരി സന്ന്യാസിനിയെ അറസ്റ്റ് ചെയ്തത്.
വാള്‍ ഉപയോഗിച്ച് ചിതയില്‍ നിന്ന് മാംസം കുത്തിയെടുത്താണ് ഇവര്‍ കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
കിന്നര്‍ അഖാഡയുടെ ഭാഗമായ വിഷ്ണുനാഥ് മഹാരാജ് എന്നയാളുടെ പരാതിയിലാണ് കാളി നന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്മശാനത്തിലേക്ക് അതിക്രമിച്ച് കടന്നതിനും സംസ്‌കാരച്ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതിനുമുള്ള ബിഎന്‍എസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അല്ലൂരി ശ്രീനിവാസ് എന്ന പേരുള്ള പുരുഷനായിരുന്ന കാളി നന്ദ് ഗിരി പിന്നീട് ട്രാന്‍സ്ജെന്‍ഡറായി മാറുകയായിരുന്നു. ഉജ്ജയിനിലെ ലേഡി അഘോരി എന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
കാളി നന്ദ് ഗിരിയുടെ പ്രവൃത്തിയെ അപലപിച്ച് ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ശൈലേശാനന്ദ ഗിരി രംഗത്തെത്തി. പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവൃത്തിയല്ല ഇതെന്ന് വ്യക്തമാക്കിയ അദ്ദേഹം, അഘോരിമാര്‍ തങ്ങളുടെ സാധനകള്‍ രഹസ്യമായാണ് സൂക്ഷിക്കേണ്ടതെന്നും പറഞ്ഞു. മനുഷ്യമാംസം കഴിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്യുന്നവര്‍ രക്തദാഹികളുടെ വിഭാഗത്തില്‍ പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.