ദേശീയ പാതയിലൂടെ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് ഡ്രൈവര്‍- വിഡിയോ ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം ഗുരുതരമായ വാഹനാപകടം നടന്ന് മണിക്കൂറുകൾക്കകം, ദേശീയപാതയിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച സ്വകാര്യബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട്-തൃശൂർ റൂട്ടിലോടുന്ന 'ശാസ്താ' ബസ്സിലെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവൻ പണയം വെച്ച് ഇത്തരത്തിൽ നിയമലംഘനം നടത്തിയത്.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ദേശീയപാതയിലാണ് ഈ സംഭവം നടന്നത്. ഇന്നലെ സമാനമായ രീതിയിൽ ഇവിടെയൊരു വലിയ അപകടം നടന്നിരുന്നു. ഇതിന്റെ നടുക്കം മാറും മുൻപാണ് അതേ സ്ഥലത്തുനിന്നും 100 മീറ്റർ മാത്രം മാറിയുള്ള ഈ അശ്രദ്ധ ഡ്രൈവിംഗ് പുറത്തുവന്നത്. ഒരു കയ്യിൽ മൊബൈൽ ഫോൺ ചെവിയിൽ ചേർത്തുപിടിച്ചും മറുകയ്യിൽ സ്റ്റിയറിങ് മാത്രം നിയന്ത്രിച്ചും ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡ്രൈവർമാരുടെ ഇത്തരം ഫോൺ വിളികളും അശ്രദ്ധയും നിരന്തരം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നാട്ടുകാർ തെളിവിനായി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ തയ്യാറായത്.
കാറിന്റെ മുകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറിഞ്ഞ് കോഴിക്കോട് പെരുവയൽ സ്വദേശിയായ വൈഷ്ണവിന് ജീവൻ നഷ്ടപ്പെട്ട അതേ സ്ഥലത്തിന് സമീപത്താണ് വീണ്ടും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ഉണ്ടായിരിക്കുന്നത്. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലുണ്ടായ ആ അപകടത്തിൽ ഇരുപതിലേറെ പേർക്കാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതേസമയം, അപകടസമയത്ത് മറ്റൊരു വാഹനം ഇടിച്ചതായോ മുന്നിൽ യാതൊരു തടസ്സമുണ്ടായതായോ ഇതുവരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ അപകടം സമഗ്രമായി അന്വേഷിക്കുന്നതിനായി ഡിവൈഎസ്പി സുനിൽ പുളിക്കലിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. എൻ.എ.ടി.പി.എ.സി. (NATPAC) പ്രതിനിധിയും മോട്ടോർ വാഹന വകുപ്പും (MVD) ഉൾപ്പെട്ടതാണ് ഈ അന്വേഷണസംഘം. റോഡിന്റെ അശാസ്ത്രീയതയും ബസിന്റെ വേഗവും സംഘം പരിശോധിച്ചുവരികയാണ്.