ഭൂമാഫിയയുടെ ഇര’; അട്ടപ്പാടി കർഷകന്റെ ആത്മഹത്യക്ക് കാരണം റവന്യൂ വകുപ്പിന്റെ അഴിമതിയെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ കൃഷിഭൂമിയിൽ ജീവനൊടുക്കിയ കർഷകൻ കൃഷ്ണസ്വാമിയുടെ മരണത്തിൽ റവന്യൂ വകുപ്പിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്.
അട്ടപ്പാടിയിലെ വില്ലേജ് ഓഫീസിൽ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും, ഉദ്യോഗസ്ഥർ ഭൂമാഫിയകളിൽ നിന്ന് കൈക്കൂലി വാങ്ങി തണ്ടപ്പേരുകൾ മനഃപൂർവം തിരുത്തുകയാണെന്നും കുടുംബം ആരോപിച്ചു.
ഭൂമാഫിയകളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലെ അഴിമതിയുടെ ഇരയാണ് കൃഷ്ണസ്വാമിയെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് ലഭിക്കുന്നതിനായി മാസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങി മനംമടുത്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.
സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായി എന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായി. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് കൃഷ്ണസ്വാമിയെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ആറ് മാസമായി കൃഷ്ണസ്വാമി തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.
എന്നാൽ, സംഭവത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം.