കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിധി ഇന്ന്, പ്രതി ചെന്താമരയ്ക്ക് ശിക്ഷാവിധി ഉച്ചയോടെ

 
chenthamara

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ വിധി ഇന്ന്. അയൽവാസികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. ഉച്ചയോടെ വിധി പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

2025 ജനുവരി 27-നായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ, മലയിടുക്കുകളിൽ പൊലീസ് നടത്തിയ രണ്ട് ദിവസത്തെ വ്യാപക തിരച്ചിലിനൊടുവിൽ ജനുവരി 28 രാത്രി പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പിടികൂടുകയായിരുന്നു.

അന്വേഷണ സംഘം സമർപ്പിച്ച 480 പേജുള്ള കുറ്റപത്രത്തിൽ കൃത്യമായ ആസൂത്രണം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വാങ്ങിയ എലവഞ്ചേരിയിലെ കടയിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. 132 സാക്ഷികളിൽ നിന്ന് രഹസ്യമൊഴികൾ രേഖപ്പെടുത്തിയിരുന്നു. വിചാരണാ വേളയിൽ നാല് സാക്ഷികൾ കൂറുമാറിയെങ്കിലും, ഫോറൻസിക് ഫലങ്ങളും മറ്റ് നിർണ്ണായക രേഖകളും പ്രതിക്കെതിരെ ശക്തമായ തെളിവുകളായി കോടതിയിൽ ഹാജരാക്കി.

2019-ലെ സജിത വധക്കേസിലെ പ്രതിയായ ചെന്താമര, 2022-ൽ ജാമ്യത്തിലിറങ്ങിയ ശേഷം നിബന്ധനകൾ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്ത് പഴയ കേസിലെ ജാമ്യവും കോടതി റദ്ദാക്കിയിരുന്നു.

ഫെബ്രുവരി 23-ന് ആരംഭിച്ച് മെയ് 6-ന് സമാപിച്ച വിചാരണയ്ക്ക് ശേഷം നിർണ്ണായകമായ ഈ വിധി വരുന്നത് നീതിക്കായുള്ള കാത്തിരിപ്പിന് വിരാമമിടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കൊല്ലപ്പെട്ടവരുടെ കുടുംബവും.

Tags

Share this story

From Around the Web