വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി : വെനസ്വേലയിലെ പ്രതിപക്ഷ നേതാവും നോബല്‍ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ വത്തിക്കാനില്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ജനുവരി 3-ന്, വെനസ്വേലന്‍ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും യുഎസ് പ്രത്യേക സേന കാരാക്കസിലെ അവരുടെ വസതിയില്‍ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് പാപ്പയുമായി മരിയ മച്ചാഡോയുടെ കൂടിക്കാഴ്ച.
വെനസ്വേലയില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മോചനത്തിനും രാജ്യത്തെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി പാപ്പ ഇടപെടണമെന്ന് മച്ചാഡോ അഭ്യര്‍ത്ഥിച്ചു.
നിലവില്‍ മഡുറോയും ഭാര്യയും മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജയിലില്‍ വിചാരണ നേരിടുകയാണ്.
മഡുറോയുടെ അറസ്റ്റിനെത്തുടര്‍ന്ന് വെനസ്വേലയില്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് താല്‍ക്കാലിക ചുമതല ഏറ്റെടുത്തെങ്കിലും രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്.
ജനങ്ങളുടെ താല്‍പ്പര്യം മാനിച്ചുകൊണ്ട് എഡ്മണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വത്തിക്കാന്‍ പിന്തുണ നല്‍കണമെന്നും മരിയ ആവശ്യപ്പെട്ടു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും മച്ചാഡോ ചര്‍ച്ചകള്‍ നടത്തി.